‘ആർ വാല്യു’ കുറയുന്നു; കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ സൂചന

സംസ്ഥാനത്ത് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി കേരളത്തിൽ ‘ആർ വാല്യു’ (റീപ്രൊഡക്‌ഷൻ നമ്പർ) കുറയുന്നു. കേരളത്തിന്‍റെ ആർ വാല്യു 0.9ൽ നിന്ന് 0.87 ആയാണ് കുറഞ്ഞത്.

വൈറസ് വ്യാപനം എത്ര വേഗത്തിലെന്നതിന്റെ സൂചികയാണ് ആർ വാല്യു അഥവാ റീപ്രൊഡക്‌ഷൻ നമ്പർ. ഈ നില തുടർന്നാൽ കേരളത്തിലെ പ്രതിദിന കേസുകളിൽ ഗണ്യമായ കുറവുണ്ടാകും എന്നാണ് ഇത് നല്‍കുന്ന സൂചന.

അതേസമയം കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ പൊതുസ്ഥിതി രൂക്ഷമാകുന്ന കാ‍ഴ്ചയാണ് കാണാനാകുക. രാജ്യത്ത് ആർ വാല്യു കഴിഞ്ഞ ആഴ്ചയിലെ 0.93ൽ നിന്ന് 1.02 ആയി വർധിച്ചിരിക്കുകയാണ്.

ആർ വാല്യു 1നു മുകളിലാകുന്നതു കോവിഡ് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. വരും ദിനങ്ങളില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ 1.7 ആയിരുന്നു രാജ്യത്ത് ആർ വാല്യു. വൈറസ് വ്യാപനം പാരമ്യത്തിലെത്തിയപ്പോല്‍ ഇത് 1.83 ആയി ഉയര്‍ന്നിരുന്നു.

പിന്നീട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഒന്നിനു താഴേക്കെത്തി. നവംബറിൽ വീണ്ടും ഒന്നിനു മുകളിലേക്കു പോയെങ്കിലും 0.9 എന്ന നിലയിലേക്ക് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേസുകളുടെ എണ്ണം ഉയരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചകളിൽ മഹാരാഷ്ട്രയിലാണ് ‘ആർ വാല്യു’ (1.18) ഏറ്റവും കൂടുതൽ. കർണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി മോശമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here