‘പണം കായ്ക്കുന്ന മരം’; ഊദ് കൃഷി വിജയമാണെന്ന് തെളിയിച്ച് കണ്ണൂര്‍ സ്വദേശി

അറബി നാടുകളിൽ പൊന്നും വിലയുള്ള സുഗന്ധ ദ്രവ്യമാണ് ഊദ്. പണം കായ്ക്കുന്ന മരം എന്നാണ് ഈ സുഗന്ധ ദ്രവ്യം വേർതിരിക്കുന്ന ഊദ് മരത്തിന്റെ വിളിപ്പേര്. കേരളത്തിൽ ഊദ് മരത്തിന്റെ കൃഷി വിജയമാണെന്ന് തെളിയിക്കുകയാണ് കണ്ണുർ സ്വദേശിയായ ഹരീഷ് നെല്ലൂർ.

പ്രവാസിയാണ് കണ്ണൂർ കാങ്കോൽ ആലക്കാട് സ്വദേശി ഹരീഷ് നെല്ലൂർ.ഒപ്പം മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന തനി മലയാളി.അവധിക്ക് നാട്ടിൽ എത്തിയാൽ പിന്നെ കൃഷിയാണ് പ്രധാന ജോലി. മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഹരീഷ് ഇപ്പോൾ. അറബി നാട്ടിൽ പൊന്നും വിലയുള്ള ഊദ് മരമാണ് ഹരീഷ് കൃഷി ചെയ്യുയുന്നത്.

ഊദ് കൃഷിയെ കുറിച്ച് പഠിക്കാനായി ഇന്ത്യയിൽ ഇതിന്റെ കൃഷിയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉടനീളം യാത്ര ചെയ്തു. അസാമിൽ നിന്നാണ് ഊദ് മരത്തിന്റെ തൈകൾ നാട്ടിൽ എത്തിച്ചത്. കേരളത്തിൽ ഊദ് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

കേരളത്തിന്റെ കാലാവസ്ഥയിൽ ഊദ് കൃഷി വിജയിക്കുമെന്നാണ് ഹരീഷിന്റെ അനുഭവം. മരങ്ങൾ വളർന്നാൽ ശാസ്ത്രീയമായ രീതിയിലാണ് ഊദ് എന്ന സുഗന്ധ ദ്രവ്യം വേർതിരിക്കുന്നത്.

ഊദ് കൃഷിയുമായി ബന്ധപ്പെട്ട പല തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും ഹരീഷ് പറയുന്നു. ഊദ് മരങ്ങൾ എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് വൃക്ഷ തൈകൾ നൽകിയാണ് കബളിപ്പിക്കൽ ഏറെയും. എന്നാൽ യഥാർത്ഥ ഊദ് മരമാണോ എന്ന് തിരിച്ചറിയാൻ പല വഴികളുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഊദ് കൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചത് ഹരീഷിന്റെ കൃഷി അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ഏറ്റവും കൂടുതൽ ഊദ് ഉപയോഗിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ആണെങ്കിലും അവിടെ അതിന്റെ കൃഷിയില്ലാത്തത് കേരളത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel