ലോകസഞ്ചാരികളെ മുഴുവന്‍ തായ് വാനിലെ തായ്ചുങ്ങ് എന്ന കൊച്ചുഗ്രാമത്തിലെത്തിച്ച് ആ കുടിയേറ്റ ഗ്രാമത്തിന്‍റെ തലവര മാറ്റി വരച്ച ഒരു അത്ഭുത പ്രതിഭ ഉണ്ട്, തായ്ചുങ്ങിന്‍റെ രക്ഷകനായ മഴവില്ല് മുത്തച്ഛന്‍.
തായ്ചുങ്ങിന്റെ റെയിന്‍ബോ ഗ്രാന്‍പാ എന്നാണ് ഹുവാങ്ങ് എന്ന 99 കാരനെ ലോകമറിയുന്നത്. ചുവര്‍ ചിത്രങ്ങളിലൂടെ ഒരു ഗ്രാമത്തെ ഒന്നാകെ രക്ഷിച്ച കഥയാണ് ഹുവാങ്ങ് എന്ന വൃദ്ധനെ ലോകമറിയുന്ന റെയിന്‍ബോ ഗ്രാന്‍പാ ആക്കിയത്.
റെയിന്‍ബോ ഗ്രാന്‍പായെക്കുറിച്ച് പറയുമ്പോള്‍ തായ്ചുങ് സിറ്റിയിലെ റെയിന്‍ബോ ഗ്രാമത്തെക്കുറിച്ചും നിങ്ങള്‍ അറിയണം.
തായ് വാനിലെ തായ്ചുങിലെ റെയിന്‍ബോ ഗ്രാമത്തിലേക്ക് ഒരു മില്ല്യണിലധികം ആളുകളാണ് ഓരോ വര്‍ഷവും വന്നു പോകുന്നത്. എപ്പോഴും സഞ്ചാരികള്‍ ഒഴുകി നീങ്ങുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം.
ഈ ഗ്രാമത്തിന്‍റെ പഴയ ചരിത്രം ഇങ്ങനെ ആകുമായിരുന്നില്ല.. ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തായ്ചുങ്ങിന്‍റെ ചരിത്രം തിരുത്തി വരയ്ക്കപ്പെട്ടത്. 40 ലേറെ വര്‍ഷമായി ആ ഗ്രാമത്തില്‍ കഴിയുന്ന ഹുവാങ്ങെന്ന വൃദ്ധനായിരുന്നു അതിനു പിന്നില്‍.
ചെെനയിലെ ഗുവാങ്ങ്സോയിലായിരുന്നു ഹുവാങ്ങിന്‍റെ ജനനം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെെനയിലുണ്ടായ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ 2 മില്ല്യനോളം ആളുകള്‍ക്കൊപ്പം ഹുവാങ്ങെന്ന വിമുക്തഭടനും തായ് വാനിലേക്ക് കുടിയേറി.
അന്ന് തായ് വാന്‍ ഭരണകൂടം വിമുക്തഭടന്‍മാര്‍ക്കും കുടിയേറാനായി തായ്ചുങ്ങ് വിട്ടുനല്‍കി. അവിവാഹിതനായ ഹുവാങ്ങ് തായ്ചുങ്ങിലെത്തുമ്പോല്‍ 1200 ഓളം കുടുംബങ്ങളുള്ള ഒരു മനോഹര ഗ്രാമമായിരുന്നു തായ്ചുങ്ങ്.
1200 കുടുംബങ്ങളും ഒന്നെന്ന പോലെ കഴിഞ്ഞ ഗ്രാമം. കാലം പോകെ തായ്ചുങ്ങിന്‍റെ പ്രൗഢി കാലഹരണപ്പെട്ടുതുടങ്ങി. പഴയ തലമുറ മണ്‍മറഞ്ഞപ്പോള്‍ പുതു തലമുറ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി.
പഴയ വീടുകള്‍ പലതും കാലപ്പഴക്കത്തില്‍ നിലം പൊത്തി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ആഡംബര സൗധങ്ങള്‍ പണിയാന്‍ പലരും ഗ്രാമവാസികളെ സമീപിക്കാനും തുടങ്ങി. അങ്ങനെ ഗ്രാമം ഉപേക്ഷിച്ച് എല്ലാവരും പുതിയ സ്ഥലങ്ങളിലേയ്ക്ക് ചേക്കേറി. ജീവിത സായാഹ്നത്തില്‍ തന്‍റെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ അവശേഷിക്കുന്ന തായ്ചുങ്ങ് വിട്ടുപോകാന്‍ ഹുവാങ്ങിനായില്ല.
ഒടുവില്‍ ഹുവാങ്ങും വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളും മാത്രമായി തായ്ചുങ്ങ് ഗ്രാമത്തിലെ താമസക്കാര്‍. അതോടെ സ്ഥലം ഒഴിയണമെന്ന ആവശ്യവുമായി ഭരണകൂടവും രംഗത്തുവന്നു.
വിരസത നീക്കാന്‍ തന്‍റെ വീടിന്‍റെ ചുമരുകളും വാതിലും ജനാലകളും ഹുവാങ്ങ് ചിത്രങ്ങള്‍ വരച്ചു തുടങ്ങി. ക്രമേണ പലരും ഉപേക്ഷിച്ചുപോയ വീടുകളിലേക്കും അത് വളര്‍ന്നു.
സ്വന്തം ചിലവിലാണ് വരയ്ക്കാനുള്ള സാധനങ്ങളും മറ്റും വാങ്ങുന്നത്. തുടക്കകാലത്ത് വരച്ചിരുന്ന ചിത്രങ്ങള്‍ തന്നെയാണ് വീണ്ടും വരച്ചത്. ചിത്രങ്ങളില്‍ മൃഗങ്ങളും പക്ഷികളും മനുഷ്യരും എല്ലാം നിറഞ്ഞു. വെളുപ്പിന് 3 മണിയ്ക്ക് ആരംഭിക്കുന്ന ചിത്രരചന 3 മണിക്കൂറോളം നീണ്ട് നില്‍ക്കും. കാലമിത്ര കടന്നിട്ടും തനിച്ചാണ് ചിത്രരചന.
അഞ്ചു വയസ്സുള്ളപ്പോള്‍ തന്‍റെ അച്ഛനാണ് ആദ്യമായി ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതെന്നാണ് ഹുവാങ്ങ് പറയുന്നത്. കാലങ്ങള്‍ക്കിപ്പുറം 86-ാം വയസ്സില്‍ വീണ്ടും വരച്ചുതുടങ്ങിയപ്പോള്‍ ഹുവാങ്ങ് ആദ്യം വരച്ചത് ഒരു പക്ഷിയെ ആയിരുന്നു. കിടപ്പുമുറിയിലെ ഒരു ചുമരില്‍ വിരിഞ്ഞ ചിത്രം പല ചുമരുകള്‍ കീഴടക്കിയപ്പോള്‍ ഹുവാങ്ങിന് മുന്നില്‍ അതൊരു രക്ഷാമാര്‍ഗമായി. തായ്ചുങ്ങിലെ ഇടിച്ചുനിരത്തപ്പെടുമെന്ന് ഭീതിയില്‍ കഴിഞ്ഞ വീടുകളും തെരുവുകളിലും ഹുവാങ്ങിന്‍റെ ചുമര്‍ചിത്രങ്ങള്‍ വളര്‍ന്ന് പന്തലിച്ചു.
2010ല്‍ ഒരു ദിവസം പതിവുപോലെ ഇരുട്ടുവീണകിടക്കുന്ന തെരുവിലൂടെ പെയിന്‍റും ബ്രഷുമായി നടന്നു നീങ്ങുന്ന വൃദ്ധനെ സമീപത്തെ ലിങ് ടുങ് സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി കാണാനിടയായി. ഹുവാങ്ങിന്‍റെ കഥ കേട്ടറിഞ്ഞ വിദ്യാര്‍ത്ഥി തായ്ചുങ്ങിനായി ഒരു ക്യാംപെയ്ന്‍ തുടങ്ങി. അങ്ങനെ ഹുവാങ്ങിനെയും തായ്ചുങ്ങിനെയും ലോകമറിഞ്ഞു തുടങ്ങി. അധികം വെെകിയില്ല, ഹുവാങ്ങിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭരണകൂടത്തിനും മുട്ടുമടക്കേണ്ടി വന്നു.
ഹുവാങ്ങിന്‍റെ പെയിന്‍റിങ്ങിലൂടെ തായ്ചുങ് തായ് വാനിലെ തന്നെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായി മാറി. ഇന്ന് നിറങ്ങളുടെ ഈ മുത്തച്ഛനെയും അദ്ദേഹത്തിന്‍റെ ഗ്രാമത്തെയും കാണാനും അറിയാനും 10 ലക്ഷത്തിലധികം ആളുകളാണ് ഒരോ വര്‍ഷവും തായ്ചുങ്ങിലെത്തുന്നത്.
അവരെയൊക്കെ പുഞ്ചിരിയോടെ തന്‍റെ മഴവില്ല് ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് 99 കാരനായ ഹുവാങ്ങ് ഇപ്പോഴും തായ്ചുങ്ങിലുണ്ട്.
Get real time update about this post categories directly on your device, subscribe now.