“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നും നാടിന്റെ ആത്മവിശ്വാസമായി ആ വാക്കുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പടരുകയാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പാവപ്പെട്ടവരുടെയും മിണ്ടാപ്രാണികളുടെയും വരെ ജീവിതത്തിലേയ്ക്ക് കരുതലിന്റെ കരങ്ങള്‍ നീണ്ടുവന്നു. പാവങ്ങളുടെ ജീവിതത്തെ ആ കരങ്ങള്‍ താങ്ങി നിര്‍ത്തി. ഉറപ്പിന്റെ കരുത്ത് സമൂഹം തൊട്ടറിഞ്ഞു. വിവിധ വിഭാഗം ജനങ്ങളോട് സംവദിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ജനങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ തന്നെയാണ് നടപ്പായത്. തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നാടിന്റെ ആത്മവിശ്വാസമായി ആ വാക്കുകൾ മലയാളിയുടെ ഹൃദയത്തിൽ പടരുകയാണ്. താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാർഢ്യവും ചങ്കൂറ്റവും സർക്കാരിൽ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എൽഡിഎഫ്. സർക്കാർ അധികാരത്തിൽ തുടരുമെന്ന കേവലമായ പ്രതീക്ഷ മാത്രമല്ല ആ വാക്കുകളിലുള്ളത്. ജനതയ്ക്ക് അതിജീവിക്കാൻ കരുത്തു പകരുന്ന രാഷ്ട്രീയത്തിന്റെ ഉറപ്പാണ് എൽഡിഎഫ്.
നിപ്പയും ഓഖിയും പ്രളയവും കോവിഡും ഒന്നിനു പിറകെ ഒന്നായി വന്നപ്പോൾ നാം അതിജീവിക്കുമെന്ന ഉറപ്പുമായി സർക്കാർ മുന്നിൽത്തന്നെ നിന്നു. പണവും ഭരണയന്ത്രവും ആ ലക്ഷ്യത്തിനുവേണ്ടി ചലിച്ചു. ഏറ്റവും പാവപ്പെട്ടവരുടെയും മിണ്ടാപ്രാണികളുടെയും വരെ ജീവിതത്തിലേയ്ക്ക് കരുതലിന്റെ കരങ്ങൾ നീണ്ടുവന്നു. പാവങ്ങളുടെ ജീവിതത്തെ ആ കരങ്ങൾ താങ്ങി നിർത്തി. ഉറപ്പിന്റെ കരുത്ത് സമൂഹം തൊട്ടറിഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ് എന്ന ഉറപ്പ് ജനങ്ങൾക്ക് ലഭിച്ച അഞ്ചുവർഷങ്ങളാണ് കടന്നു പോകുന്നത്. പ്രകടനപത്രികയിൽ പറഞ്ഞതു മുഴുവൻ പാലിക്കാനുള്ള പ്രതിജ്ഞകളാണെന്ന്, ഓരോ വർഷവും ഓരോന്നിന്റെയും പുരോഗതി പ്രോഗ്രസ് കാർഡായി അവതരിപ്പിച്ചു കൊണ്ട് എൽഡിഎഫ് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തി. വിവിധ വിഭാഗം ജനങ്ങളോട് സംവദിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ജനങ്ങൾ മുന്നോട്ടു വെച്ച ആവശ്യങ്ങൾ തന്നെയാണ് നടപ്പായത്.
നമ്മുടെ ആശുപത്രികളും പള്ളിക്കൂടങ്ങളും ലോകനിലവാരത്തിലേയ്ക്കുയർന്നപ്പോൾ, വികസനത്തിൽ ജനപക്ഷ മുൻഗണന ഉറപ്പിക്കുകയായിരുന്നു. വളരാനും ജീവിക്കാനും കൊള്ളാവുന്ന നാടാണ് തങ്ങളുടേത് എന്ന വരും തലമുറയുടെ കൂടി ഉറപ്പാണ് പൊതുവിദ്യാലയങ്ങളുടെയും ലെയും പൊതുജനാരോഗ്യകേന്ദ്രങ്ങളുടെയും കിടയറ്റ അടിസ്ഥാന സൌകര്യങ്ങളിൽ തലയുയർത്തി നിൽക്കുന്നത്. മികച്ച റോഡുകൾ, മുടങ്ങാതെ കിട്ടുന്ന വൈദ്യുതി, ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമെന്ന ഖ്യാതിയിലേയ്ക്കുള്ള ഉറപ്പുകളാണ്.
ക്രമസമാധാനപാലനത്തിനും അഴിമതിയില്ലാത്ത ഭരണത്തിനും ലഭിക്കുന്ന ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ ജാഗ്രതയ്ക്കും സത്യസന്ധതയ്ക്കും ജനങ്ങൾക്ക് ലഭിച്ച ഉറപ്പാണ്.
എൽഡിഎഫ് ഭരിക്കുമ്പോൾ ക്ഷേമപെൻഷനുകൾ മുടങ്ങാതെ എന്നത് നമ്മുടെ നാട്ടിലെ പാവങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ഉറപ്പാണ്. വർഷാവർഷമുള്ള വർദ്ധന ആ ഉറപ്പിൽ പതിഞ്ഞ തഴമ്പും.
ഉറച്ച രാഷ്ട്രീയമാണ് എൽഡിഎഫ്. ആ രാഷ്ട്രീയത്തിൽ നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പു കിട്ടിയ ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തേത്. ആ ഉറപ്പുള്ളതുകൊണ്ടാണ്, എൽഡിഎഫ് തിരിച്ചു വരുമെന്ന് ജനങ്ങൾ ഉറപ്പിക്കുന്നത്.
ഉറപ്പാണ് എൽഡിഎഫ്. അതിൽ തർക്കമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News