സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒറ്റദിവസം മാത്രം സംസ്ഥാനത്ത് 81 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കാലാവസ്ഥ വ്യതിയാനം കാരണം ഇൗ വർഷം ഫെബ്രുവരി മുതൽ സംസ്ഥാനത്ത് ദിനം പ്രതി ചൂട് ഉയരുകയാണ്.

ഇതാണ് വൈദ്യുതി ഉപയോഗവും കൂട്ടാൻ ഇടയാക്കിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളെല്ലാം വീടുകളിൽ ഉള്ളതും വൈദ്യുതി ഉപയോഗം വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ ഒറ്റദിവസത്തെ വൈദ്യുതി ഉപഭോഗം 81 ദശലക്ഷം യൂണിറ്റാണ്.

2019 മെയ്‌ 23ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 88.34 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ വൈദ്യുതി ഉപഭോഗം.

എന്നാല്‍ ഇത്തവണ ഫെബ്രുവരിയില്‍ മുതൽ ഉപഭോഗം കുത്തനെ കൂടിയത് കെ എസ് ഇ ബി അധികൃതരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ ഉത്പാദനവും കെ എസ് ഇ ബി കൂട്ടി.

ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോത്പാദനം പരമാവധിയിലാണ്. ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നു. 14.28 ദശലക്ഷം യൂണിറ്റാണ് ക‍ഴിഞ്ഞ ദിവസത്തെ ഉത്പാദനം.

സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി കൊണ്ടുവന്നാണ് ഉപഭോഗം പിടിച്ച്‌ നിര്‍ത്തുന്നത്. ക‍ഴിഞ്ഞ ദിവസം കേന്ദ്ര ഗ്രിഡില്‍ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.

ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമുള്ളതും കേന്ദ്രഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് കരാറുള്ളതും കൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here