തൊഴിലുകൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രചാരണ പരിപാടികൾ ശക്തമാക്കാന്‍ തൊഴിലാളികളും യുവജനങ്ങളും വിദ്യാർത്ഥികളും

തൊഴിലുകൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി തൊഴിലാളികളും യുവജനങ്ങളും വിദ്യാർത്ഥികളും.

കൊച്ചിയിൽ സംഘടിപ്പിച്ച തൊഴിലാളി- യുവജന- വിദ്യാർത്ഥി സംസ്ഥാന കൺവെൻഷനിലാണ് തീരുമാനം. സിഐടിയു, ഡിവൈഎഫ്ഐ, എസ്, എഫ്, ഐ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന നേതൃത്വം യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് രൂപം നൽകാനും കൺവെൻഷനിൽ ധാരണയായി.

മാന്യമായ സ്ഥിരം തൊഴിൽ സൃഷ്ടിക്കുന്നതിന് ആവശ്യമായ നയങ്ങൾക്ക് രൂപം നൽകുക, വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, തൊഴിൽ സംവരണത്തിനുള്ള നിയമപരമായ മുഴുവൻ വ്യവസ്ഥകളും കർശനമായി നടപ്പാക്കുക തുടങ്ങി 14 ഇന ആവശ്യങ്ങളാണ് തൊഴിലാളി യുവജന വിദ്യാർത്ഥി സംഘടനകൾ കേന്ദ്ര സർക്കാരിനു മുൻപാകെ ഉന്നയിക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് കൊച്ചിയിൽ ചേർന്ന സിഐടിയു, ഡിവൈഎഫ്ഐ ,എസ്എഫ്ഐ സംഘടനകളുടെ സംയുക്ത കൺവെൻഷൻ തീരുമാനിച്ചത്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് തൊഴിൽ സമയം കുറയ്ക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.

സിഐടിയു നേതാവ് കെ ചന്ദൻ പിള്ള അധ്യക്ഷനായിരുന്ന കൺവെൻഷനിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡൻ്റ് എസ് സതീഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here