കണ്ണൂർ നിയമസഭ സീറ്റിൽ അവകാശവാദവുമായി മുസ്‌ലിം ലീഗ്; ചെന്നിത്തലയ്ക്ക് കത്തെഴുതി ജില്ലാ നേതൃത്വം

കണ്ണൂർ നിയമസഭ സീറ്റിൽ അവകാശവാദവുമായി മുസ്‌ലിം ലീഗ് വീണ്ടും യു ഡി എഫ് നേതാക്കളെ സമീപിച്ചു. കണ്ണൂർ സീറ്റിൽ ലീഗ് സ്ഥാനാർത്ഥിക്കാണ് വിജയസാധ്യതയെന്ന് കാട്ടി ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കത്തെഴുതി. അതേസമയം അഴീക്കോട് മണ്ഡലത്തിൽ കെ എം ഷാജി മത്സരിക്കാനുള്ള സാധ്യത മങ്ങി.

കണ്ണൂർ സീറ്റിനായി കെ എം ഷാജിയാണ് ലീഗ് ജില്ലാ നേതൃത്വം വഴി യു ഡി എഫിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്. പരാജയഭീതിയിൽ അഴീക്കോട് മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാൻ ഷാജിക്ക് താൽപ്പര്യമില്ല. കണ്ണൂരും അഴീക്കോടും തമ്മിൽ വച്ച് മാറാമെന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് ഇതിന് തയ്യാറായിട്ടില്ല.

അഴീക്കോട്, കൂത്തുപറമ്പ് സീറ്റുകളാണ് ഇത്തവണ ലീഗിന് നൽകിയത്. എന്നാൽ കണ്ണൂർ വേണമെന്ന ആവശ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചത്.കണ്ണുരിൻ്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും എം മുനീർ വ്യക്തമാക്കി.

സ്കൂൾ കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലും അന്വേഷണം നേരിടുന്ന ഷാജിക്ക് അഴീക്കോട് ഇത്തവണ വിജയ സാധ്യത ഇല്ല എന്നാണ് വിലയിരുത്തൽ. കണ്ണൂർ മണ്ഡലമോ അല്ലെങ്കിൽ കാസർകോഡ് ജില്ലയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലമോ ആണ് ഷാജി ലക്ഷ്യം വയ്ക്കുന്നത്.

അഴീക്കോട് മണ്ഡലത്തിൽ ഷാജിക്ക് പകരം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയെയാണ് ഇത്തവണ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News