വി പി സജീന്ദ്രൻ എംഎൽഎ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുകളുമായി ഡിസിസി മുൻ ജനറൽ സെക്രട്ടറി

കോൺഗ്രസ് എംഎൽഎ, വി പി സജീന്ദ്രൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിന് കൂടുതൽ തെളിവുകളുമായി ഡിസിസി മുൻ ജനറൽ സെക്രട്ടറി വീണ്ടും രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വി പി സജീന്ദ്രന്‍റെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപമായി എത്തിയെന്ന് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ബി ജയകുമാർ ആരോപിച്ചു.

ലക്ഷങ്ങളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട എംഎൽഎ യുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് ജയകുമാർ പുറത്തുവിട്ടു. സജീന്ദ്രനെതിരെ മുൻ കോൺഗ്രസ് നേതാവ് തന്നെ കൂടുതൽ ആരോപണവുമായി രംഗത്ത് സജീവമായതോടെ തെരഞ്ഞെടുപ്പിൽ കുന്നത്ത് നാട് സീറ്റിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

എംഎൽഎ പദവി ദുരുപയോഗം ചെയ്ത് വി പി സജീന്ദ്രൻ അനധികൃതമായി കോടികൾ സമ്പാദിച്ചുവെന്ന് ഡിസിസി മുൻ ജനറൽ സെക്രട്ടറി ജയകുമാർ നേരത്തെ ആരോപിച്ചിരുന്നു. 2011ൽ കുന്നത്ത് നാട് സീറ്റിലേക്ക് മത്സരിക്കുമ്പോൾ 32 ലക്ഷം രൂപ ആസ്തിയുണ്ടായിരുന്ന സജീന്ദ്രന്‍റെ ആസ്തി 2016ലെ തെരഞ്ഞെടുപ്പിനു മുമ്പ് 10 കോടിയിൽപ്പരം രൂപയായതായി ഗവർണർക്ക് നൽകിയ രേഖകൾ മുൻനിർത്തി ജയകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിൻ്റെ തുടർച്ചയായാണ് പുതിയ ആരോപണം.വിപി സജീന്ദ്രൻ എം എൽ എ യുടെ പേരിൽ കനറാ ബാങ്ക് കോലഞ്ചേരി ശാഖയിലെ അക്കൗണ്ട് വഴി 2016 ഏപ്രിൽ 21നും ജൂൺ 15 നുമിടയിലുള്ള രണ്ട് മാസക്കാലയളവിൽ 23 ലക്ഷത്തിൽപ്പരം രൂപയുടെ ഇടപാട് നടന്നതായി ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിൽ ജയകുമാർ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വകാര്യ കമ്പനിയിൽ നിന്നുൾപ്പടെ സജീന്ദ്രന്‍റെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ജയകുമാർ പറഞ്ഞു.

മാത്രമല്ല, പ്രതിമാസം ഇരുപതിനായിരം രൂപ മാത്രം ശമ്പളം പറ്റുന്ന സജീന്ദ്രൻ്റെ പേഴ്സണൽ സ്റ്റാഫിന്‍റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 15 ലക്ഷത്തിൽപ്പരം രൂപ എത്തിയിട്ടുണ്ട്. ഈ പണം പേഴ്സണൽ സ്റ്റാഫിൻ്റെ സ്വന്തം കമ്മീഷനാണൊ അതോ എം എൽ എ യ്ക്ക് വേണ്ടി കൈപ്പറ്റിയതാണൊ എന്ന് സജീന്ദ്രൻ വെളിപ്പെടുത്തണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.

ബാങ്കുകളിലേക്കൊഴുകുന്ന പണത്തിൻ്റെ പതിന്മടങ്ങായിരിക്കും യഥാർത്ഥ ഇടപാടുകളെന്നും ഇതെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികൾ സമഗ്രാന്വേഷണം നടത്തണമെന്നും ജയകുമാർ ആവശ്യപ്പെടുന്നു.

സജീന്ദ്രനെതിരെ മുൻ കോൺഗ്രസ് നേതാവ് തന്നെ കൂടുതൽ ആരോപണവുമായി രംഗത്ത് സജീവമായതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്ത് നാട് സീറ്റിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News