തിരുവമ്പാടി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലുറച്ച് മുസ്ലീം ലീഗ്

തിരുവമ്പാടി സീറ്റ് വിട്ടു നൽകില്ലെന്ന് ലീഗ്. സി പി ജോണിനെ നിയമസഭയിൽ എത്തിക്കേണ്ട ഉത്തരവാദിത്വം യു ഡി എഫിനെന്ന് എം കെ മുനീർ. താമരശ്ശേരി രൂപതയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

തിരുവമ്പാടി സീറ്റ് തിരിച്ചെടുക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കിയതോടെയാണ് ലീഗ്, നിലപാട് കടുപ്പിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവമ്പാടിക്കായി ആവശ്യം ഉന്നയിച്ചിരുന്നു.

സി പി ജോണിനായി കോൺഗ്രസ് ശ്രമം തുടരുന്നതിനിടെയാണ്, അത് ലീഗിൻ്റെ അക്കൗണ്ടിൽ മാത്രമാകേണ്ടെന്ന് എം കെ മുനീർ വ്യക്തമാക്കിയത്.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകേണ്ടതില്ല എന്ന തീരുമാനത്തിൻ്റെ ഭാഗമാണ് ലീഗ് നിലപാട്. താമരശ്ശേരി രൂപതയുടെ താൽപ്പര്യം മുൻനിർത്തി സീറ്റ് തിരിച്ചെടുക്കാനായിരുന്നു കോൺഗ്രസ് നീക്കം. ഇത് മറികടക്കാനായി ലീഗ് നേതൃത്വം 2 വട്ടം താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയലുമായി ചർച്ച നടത്തി. ചർച്ച തുടരാനാണ് ലീഗ് തീരുമാനം.

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ സീറ്റുകൾ നേടുക, ജോസഫ് വിഭാഗത്തിൻ്റെ തിരുവമ്പാടി ആവശ്യം തടയുക എന്നതും ലീഗ് ലക്ഷ്യമിടുന്നു. എന്നാൽ സി പി ജോൺ കോൺഗ്രസ് പിന്തുണയോടെ സീറ്റ് ലഭിക്കാനായി ശ്രമം തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here