‘ബാറ്റിംഗ് പൊസിഷന്‍ ഏതായാലും ഞാനായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍’; തുറന്നടിച്ച് ഗെയ്ല്‍

ഏത് ബാറ്റിംഗ് പൊസിഷനില്‍ കളിച്ചാലും താനായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ബാറ്റിംഗ് പൊസിഷന്‍ തനിക്കൊരു പ്രശ്‌നമല്ലെന്നും ഏത് നമ്പരിലായാലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും ഗെയ്ല്‍ പറഞ്ഞു.

‘ബാറ്റിംഗ് പൊസിഷന്‍ മാറ്റം എനിക്കൊരു പ്രശ്നവും ഇല്ലാത്ത കാര്യമാണ്. ഇപ്പോള്‍ മൂന്നാം സ്ഥാനത്തെ സ്പെഷ്യലിസ്റ്റിനെ പോലെയാണ് ഞാന്‍. സ്പിന്നിന് എതിരെ കളിക്കുന്നതില്‍ എനിക്ക് മികവുണ്ട്. അനില്‍ കുംബ്ലെയാണ് ആ റോള്‍ ഏറ്റെടുക്കാന്‍ പറഞ്ഞത്. ഐ.പി.എല്‍ ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹം ഇത് പറഞ്ഞിരുന്നു.’

‘വിന്‍ഡിസ് ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ഏത് റോളാണോ അവര്‍ നല്‍കുന്നത് അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഓപ്പണിംഗില്‍, മൂന്നാമത്, അഞ്ചാമത് എല്ലാം കളിക്കാന്‍ എനിക്കിണങ്ങും. അഞ്ചാം നമ്പറിലെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാവും. മൂന്നാം നമ്പറുകാരിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനാവും. ടി20 ലോക കിരീടം നേടുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ എന്റെയുള്ളിലുള്ളത്. ഇനി വരുന്ന ടി20 പരമ്പരകളില്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കും’ ഗെയ്ല്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗെയ്‌ലിനെ അടുത്തിടെ ടീമിലേക്ക് വിന്‍ഡീസ് തിരിച്ച് വിളിച്ചിരുന്നു. ഈ വര്‍ഷം നടക്കുന്ന ടി20 ലോക കപ്പ് മുന്‍നിര്‍ത്തിയാണ് വെറ്ററന്‍ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 14 അംഗ ടീമിലാണ് നാല്‍പ്പത്തൊന്നുകാരയ ഗെയ്‌ലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ബുധനാഴ്ച ആന്റിഗ്വയില്‍ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here