അ‍ഴിമതി രാഷ്ട്രീയം വിനയായി; അ‍ഴീക്കോട് വിട്ട് കെഎം ഷാജി കാസര്‍കോഡ് മത്സരിക്കും

അഴീക്കോട് മണ്ഡലത്തിൽ ഇത്തവണ കെ എം ഷാജി മത്സരിക്കില്ല. പകരം കാസറഗോഡ് സീറ്റ് വേണമെന്നാണ് കെ എം ഷാജി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്ലസ് ടു കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നേരിടുന്ന ഷാജി പരാജയ ഭീതിയിലാണ് അഴീക്കോട് മത്സരിക്കുന്നതിൽ നിന്നും പിന്മാറിയത്.

കാസറഗോഡ് കിട്ടിയില്ലെങ്കിൽ ഇത്തവണ മത്സരിക്കാനില്ല എന്നാണ് കെ എം ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കണ്ണൂരും അഴീക്കോടും തമ്മിൽ വച്ച് മാറാനുള്ള നിർദേശം കോൺഗ്രസ്സ് നേതൃത്വം തള്ളിയതോടെയാണ് ഷാജി കാസറഗോഡ് സീറ്റിൽ പിടി മുറുക്കിയത്.

ഷാജിക്ക് എതിരെ ശക്തമായ ജന വികാരമാണ് അഴീക്കോട് മണ്ഡലത്തിൽ നിലനിൽക്കുന്നത്.അഴീക്കോട് സ്‌കൂൾ കോഴക്കേസും അനധികൃത സ്വത്ത് സമ്പാദന കേസുമാണ് ജനവികാരം എതിരാകാൻ പ്രധാന കാരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗ്ഗീയ പ്രചരണം നടത്തിയതിന് കോടതി ശിക്ഷിച്ചതും മണ്ഡലത്തിലെ വികസന മുരടിപ്പുമെല്ലാം ഷാജിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഇതോടെയാണ് ഷാജി അഴീക്കോട് മത്സരിക്കുന്നതിൽ നിന്നും പിൻമാറിയത്.ഷാജിയെ കാസർകോഡ് മത്സരിപ്പിക്കുന്നതിൽ ലീഗ് ജില്ലാ നേതൃത്വത്തിന് താൽപ്പര്യമില്ല.

എൻ എ നെല്ലിക്കുന്നിന് തന്നെയാണ് ഇത്തവണയും കാസർകോഡ് മുൻതൂക്കം. എം കെ മുനീർ ഉൾപ്പെടെ ചില നേതാക്കൾക്ക് ഷാജിക്ക് കാസർകോഡ് നൽകണമെന്ന അഭിപ്രായം ഉണ്ടെകിലും കുഞ്ഞാലിക്കുട്ടിയുടെയും കാസർകോഡ് ജില്ലാ നേതൃത്വത്തിൻ്റെയും തീരുമാനമായിരിക്കും നിർണ്ണായകം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News