
സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള തർക്കത്തിൽ കോന്നിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. റോബിന്‍ പീറ്ററിനെതിരേയും അടൂര്‍ പ്രകാശ് എം.പി.ക്കെതിരേയും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് കത്തയച്ചു. റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍ അടക്കം 17 പേര്‍ ഒപ്പിട്ട കത്ത് എഐസിസിക്ക് നല്‍കിയത്.
കഴിഞ്ഞദിവസം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റോബിന്‍ പീറ്റര്‍ക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്റര്‍ അടൂര്‍ പ്രകാശിന്റെ ബിനാമിയാണെന്നും റോബിന്‍ പീറ്ററെ കോന്നിയ്‌ക്ക് വേണ്ടെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. കെപിസിസി വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരുന്നു.
ആറ്റിങ്ങല്‍ എം.പി.യുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്‌ക്ക് വേണ്ടെന്നായിരുന്നു പോസ്റ്ററിലെ തലവാചകം. കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ്. സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ, കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here