പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്

പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃത്വത്തിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിടാനൊരുങ്ങി എ വി ഗോപിനാഥ്. ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടാകുമെന്നും ആവശ്യമാണെങ്കിൽ ആശയപരമായി യോജിക്കാൻ കഴിയുന്നവരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും എവി ഗോപിനാഥ് പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിൻ്റെ പേര് വീണ്ടും ഉയർന്നു വന്നതിന് പിന്നാലെയാണ് പരസ്യ വിമർശനവുമായി എവി ഗോപിനാഥ് രംഗത്തെത്തിയത്. കോൺഗ്രസ് വിട്ട് പുറത്തു വന്നാൽ അപ്പോൾ സി പി ഐ എം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി എ കെ ബാലൻ.

നേതൃത്വം തുടർച്ചയായി അവഗണിക്കുകയാണ്. എന്‍റെ അയോഗ്യതയെന്താണെന്നറിയില്ല. എവി ഗോപിനാഥ് തുറന്നടിച്ചു.
2011 ൽ നേതൃത്വം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് മണ്ഡലത്തിൽ പ്രചാരണം തുടരുന്നതിനിടെയാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റിയത്. എന്താണ് കാര്യമെന്ന് ഇപ്പോഴുമറിയില്ല.

കൂടെയുള്ള ജനങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകും. ആശയപരമായി യോജിക്കാൻ കഴിയുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും.
അതേ സമയം എ വി ഗോപിനാഥ് കോൺഗ്രസ് വിട്ട് പുറത്തു വന്നാൽ നിലപാട് വ്യക്തമാക്കുമെന്നും എവി ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു

കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിനെതിരെ എ വി ഗോപിനാഥ് മത്സരിക്കുമെന്നാണ് സൂചന. പാലക്കാട് കോൺഗ്രസിനകത്ത് വലിയ ജനസ്വാധീനമുള്ള എവി ഗോപിനാഥ് പാർടി വിടുന്ന കാര്യത്തിലുൾപ്പെടെ ഉടൻ നിർണായക തീരുമാനമെടുക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News