സിപിഐഎമ്മിന്‍റെ മതേതര നിലപാടിനെ പ്രശംസിച്ച് അധീർ രഞ്ജൻ ചൗധരി

സിപിഐഎമ്മിന്‍റെ മതേതര നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. CPIMന്റെ മതേതരത്വ കാഴ്ചപ്പാട് ആർക്കും ചോദ്യം ചെയ്യാനാകാത്തതെന്ന് അധീർ രഞ്ജൻ ചൗധരി. വർഗീയ ശക്തികൾക്കെതിരെ സംസാരിക്കാതെ കമ്യുണിസ്റ്റുകൾക്ക് എതിരെ എന്തിനാണ് സംസാരിക്കുന്നതെന്നും അധീർ രഞ്ജന്റെ ചോദ്യം. ബംഗാളിലെ സഖ്യവുമായി ബന്ധപ്പെട്ടാണ് അധീർ രഞ്ജന്റെ പരാമർശങ്ങൾ.

പശ്ചിമബംഗാളിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായുള്ള സഖ്യത്തിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിൽ നിലപാട് വ്യക്തമാക്കവെയാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും ബംഗാൾ പി സി സി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി സിപിഐഎമ്മിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബംഗാളിൽ സഖ്യം നയിക്കുന്നത് ഇടത് പാർട്ടികളാണ്.

ബിജെപിക്കും മമതയ്ക്കുമെതിരെ പോരാടാൻ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കുന്ന അന്തരീക്ഷമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ സഖ്യത്തെ സിപിഐഎം നയിക്കുമ്പോൾ അതിന്റെ മതേതര കാഴ്ച്ചപ്പാടിനെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല. ഇതായിരുന്നു ISF സഖ്യത്തെ അനുകൂലിച്ച് അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം.

വർഗീയ ശക്തികൾക്കെതിരെ സംസാരിക്കാതെ കമ്യുണിസ്റ്റുകൾക്കെതിരെ എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം വർഗീയ ശക്തികളാണോ മതേതര ശക്തികളാണോ കരുത്താർജിക്കേണ്ടതെന്ന് സഖ്യത്തെ എതിർക്കുന്നവർ വ്യക്തമാക്കണമെന്നും കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു അധീർ രഞ്ജന്റെ പരാമർശങ്ങൾ.

വർഗീയതയുമായി ബന്ധപ്പെട്ട് സിപിഐമ്മിനെതിരെ കേരളത്തിൽ കോൺഗ്രസ് നടത്തുന്ന പ്രചരണത്തിന്റെ മുന ഒടിക്കുന്നതാണ് അവരുടെ പ്രമുഖ നേതാവ് തന്നെ സിപിഐഎമ്മിന് നൽകിയ പ്രശംസ. അതേസമയം വർഗീയ ശക്തികൾക്കെതിരെ സംസാരിക്കാതെ കമ്യുണിസ്റ്റുകൾക്കെതിരെ എന്തിനാണ് സംസാരിക്കുന്നതെന്ന അധീർ രഞ്ജന്റെ ചോദ്യം ബിജെപിക്കെതിരെ കോൺഗ്രസ് കേരളത്തിൽ ദുർബല പ്രതിരോധം പോലും ഉയർത്താതെ നിൽക്കവെയാണെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News