ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം

ഇന്ധനവില ദിനംപ്രതി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹനങ്ങള്‍ സര്‍വ്വീസുകള്‍ നിരത്തിലിറങ്ങിയില്ല. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

ഇന്ധനവില വര്‍ദ്ധനവിലൂടെ ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബിഎംഎസ് ഒ‍ഴികെയുളള സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. സ്വകാര്യ ബസുകളും കെ എസ്ആര്‍ടിസിയും ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന കേന്ദ്രനയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതക വിലയും കുത്തനെ ഉയര്‍ത്തി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കൊച്ചിയില്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

വാണിജ്യ സിലിണ്ടറിന് 1600 രൂപയ്ക്ക് മുകളില്‍ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറഞ്ഞു.

ഇന്ധനവിലയും പാചകവാതകവിലയും കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം പ്രതിഷേധ പ്രകടനവും സമരങ്ങളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here