കിഫ്ബിയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ; കേസെടുത്ത് ഇ ഡി

കിഫ്ബിക്കെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ. ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് കിഫ്ബിക്കെതിരെ ഇ ഡി യെക്കൊണ്ട് കേസ് എടുപ്പിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കുന്നതിനായി കിഫ്ബി സി ഇ ഒ, ഡെപ്യൂട്ടി സി ഇ ഒ എന്നിവരോട് ഹാജരാകാൻ നിദേശിച്ച് ഇ ഡി നോട്ടീസയച്ചു.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിൻ്റെ മറവിൽ സംസ്ഥാന സർക്കാർ പദ്ധതികൾ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെക്കൊണ്ട് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെയാണ് പ്രതികാര നടപടിയുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് പദ്ധതി തകർക്കാൻ ശ്രമിച്ച ഇ ഡി യെക്കൊണ്ട് കിഫ് ബിക്കെതിരെയാണ് ഇത്തവണ നീക്കം നടത്തിയിരിക്കുന്നത്.

ഫെമ നിയമം ലംഘിച്ചെന്നാരോപിച്ച് ഇഡിയെക്കൊണ്ട് കേസ് എടുപ്പിച്ചാണ് ഇടതു സർക്കാരിനോട് ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പക വീട്ടുന്നത്.

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് കേസെടുക്കാനുള്ള കാരണമായി ഇ ഡി ആരോപിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായികിഫ്ബി സിഇഒക്കും ഡെപ്യൂട്ടി സിഇഒക്കും ഇഡി നോട്ടീസയച്ചു.
മൊഴിയെടുക്കുന്നതിനായി ഇരുവരോടും അടുത്ത ആഴ്ച ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

കിഫ് ബിയുടെ ബാങ്കിംഗ് പങ്കാളിയായ ആക്സിസ് ബാങ്കിൻ്റെ മേധാവികളോടും ഇ ഡി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
കെ ഫോൺ, ഇ മൊബിലിറ്റി, ലൈഫ് മിഷൻ തുടങ്ങി സർക്കാരിൻ്റെ അഭിമാന പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമം നടത്തിയിരുന്നു. അതിൻ്റെ തുടർച്ചയായിരുന്നു സി എ ജി കരട് റിപ്പോർട്ടിൽ കിഫ് ബിക്കെതിരായ പരാമർശങ്ങൾ.ഇതിനിടെ കിഫ്ബിക്കെതിരെ സംഘപരിവാർ നിയന്ത്രണത്തിലുള്ള സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

കിഫ് ബി വിദേശത്ത് നിന്ന് വായ്പ എടുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.എന്നാൽ, റിസർവ്വ് ബാങ്കിൻ്റെ അനുമതിയോടെയാണല്ലോ കി ഫ്ബി വായ്പ എടുത്തിരിക്കുന്നത് എന്ന കോടതി പരാമർശം ഹർജിക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി എഫിൻ്റെ ഭരണത്തുടർച്ച ഭയന്ന് രാഷട്രീയ ലക്ഷ്യം വെച്ച് സർക്കാർ പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് കിഫ് ബിക്കെതിരായ ഇ ഡി കേസ് എന്ന് രാഷട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here