കര്‍ഷക തൊ‍ഴിലാളി പെന്‍ഷനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്;തുടര്‍ഭരണം തടയാന്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയവര്‍ക്ക് എല്‍ഡിഎഫിനോട് വെറുപ്പ് തോന്നുക സ്വാഭാവികം: എ വിജയരാഘവന്‍

‘എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന പ്രചാരണ മുദ്രാവാക്യം അഥവാ ടാഗ് ലൈൻ വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും അവസരമൊരുക്കിയിരിക്കുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. ഈ മുദ്രാവാക്യം നെഞ്ചേറ്റിയവർക്കെന്നപോലെ ഇതിനെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നവർക്കും നന്ദി. വിരുദ്ധ പ്രചാരണം ഈ മുദ്രാവാക്യം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. അതിലൂടെ ഇതിന് കൂടുതൽ സ്വീകാര്യതയും കൈവന്നു.

‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യം തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഉറപ്പായും വീണ്ടും എൽഡിഎഫ് വരും എന്ന വിശ്വാസം മാത്രമല്ല. ഈ പ്രചാരണ വാക്യത്തിന് ചില സന്ദേശങ്ങൾ നൽകാൻ കഴിയും എന്നതുകൊണ്ടുകൂടിയാണ്. ആരും വിശദീകരിക്കാതെ തന്നെ ജനങ്ങൾ അതിലടങ്ങിയ സന്ദേശങ്ങൾ മനസ്സിലാക്കി എന്നത് എൽഡിഎഫിനെ സംബന്ധിച്ച് അഭിമാനകരമാണ്.

‘ഉറപ്പാണ് എൽഡിഎഫ്’ എന്ന് ഞങ്ങൾ പറയുമ്പോൾ, എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് ഒരുറപ്പുണ്ട് എന്നതുതന്നെയാണ്. എൽഡിഎഫ് അധികാരത്തിലുണ്ടെങ്കിൽ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടും എന്നതിന് ഗ്യാരന്റിയുണ്ട്. ആക്രമണോത്സുകമായ ഹിന്ദുവർഗീയതയെ പ്രതിരോധിക്കാൻ മതനിരപേക്ഷ മനസ്സുകളെ ഒന്നിപ്പിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ അതിന്റെ കടമ പൂർണമായും നിർവഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷവും വർഗീയലഹളകളോ വർഗീയസംഘർഷങ്ങളോ ഉണ്ടായില്ല. വർഗീയശക്തികൾക്കും തീവ്രമതമൗലികവാദ പ്രസ്ഥാനങ്ങൾക്കും സർക്കാർ കീഴടങ്ങിയില്ല എന്നതാണ് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹായകരമായത്. വർഗീയശക്തികളെ പ്രീണിപ്പിക്കുന്ന ഒരു നയവും എൽഡിഎഫ് സർക്കാർ സ്വീകരിക്കില്ല എന്ന കാര്യത്തിലും ജനങ്ങൾക്ക് ഉറപ്പുണ്ട്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതിനാണ് ദേശീയ പൗരത്വ നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയർന്നു. അതുകൊണ്ട് ഈ നിയമം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചു. എന്നാൽ, കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നു. പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ല. ഈ ഉറപ്പാണ് ജനങ്ങളെ ഇടതുപക്ഷവുമായി ചേർത്തുനിർത്തുന്നത്.

എൽഡിഎഫ് ഭരണത്തിലുണ്ടെങ്കിൽ ജനങ്ങൾക്ക് ഉറപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം അതിൽ പ്രധാനം. പൊതുവിദ്യാലയങ്ങളും പൊതുജനാരോഗ്യകേന്ദ്രങ്ങളും അഞ്ചുവർഷംകൊണ്ട് തിരിച്ചറിയാൻ വയ്യാത്തവിധം മാറ്റിയെടുത്തു. പൊതുവിദ്യാലയങ്ങളിലേക്ക് 6.8 ലക്ഷം വിദ്യാർഥികൾ കൂടുതലായി വന്നു. യുഡിഎഫ് കാലത്ത് അഞ്ചുലക്ഷം കൂട്ടികൾ കൊഴിഞ്ഞുപോയിരുന്നു എന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോഴാണ് എൽഡിഎഫിന്റെ ഉറപ്പിന് പ്രാധാന്യമേറുന്നത്.

ജനക്ഷേമം, ജനങ്ങളോടുള്ള കരുതൽ എന്നീ കാര്യങ്ങളിലും ഉറപ്പുണ്ട് എൽഡിഎഫ് ഭരണത്തിലുള്ളപ്പോൾ. മുൻ സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു സാമൂഹ്യസുരക്ഷാ പെൻഷൻ. 2016ൽ ആ സർക്കാർ പടിയിറങ്ങുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് ഇത്തരം സാമ്പത്തിക സഹായം ചെയ്യുന്നതിനോട് കോൺഗ്രസിന് പണ്ടേ യോജിപ്പില്ല. സൈദ്ധാന്തികമായ ചില എതിർപ്പുകൾ കോൺഗ്രസ് പാർടി ഉന്നയിച്ചിരുന്നു.

1980ൽ ഇ കെ നായനാർ സർക്കാരാണ് ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ കൊണ്ടുവന്നത്. അത് പ്രത്യുൽപ്പാദനപരമല്ലെന്നും വ്യവസായത്തിനും കൃഷിക്കുമാണ് പണം ചെലവഴിക്കേണ്ടത് എന്നുമായിരുന്നു വാദം. സാന്ദർഭികമായി പറയട്ടെ, ഡോ. കെ എൻ രാജിനെപ്പോലുള്ള പ്രമുഖ ധനതത്വശാസ്ത്രജ്ഞരുടെ പിന്തുണയും ഈ വാദക്കാർക്കുണ്ടായിരുന്നു. എന്നാൽ, സിപിഐ എം അതു നിരാകരിച്ചു. പാവങ്ങളുടെ കൈയിലെത്തുന്ന പണം പൂർണമായും ചെലവഴിക്കപ്പെടുമെന്നും അതു വിപണിക്കും അതിലൂടെ സാമ്പത്തികമേഖലയ്ക്കും ഊർജമാകുമെന്നും സിപിഐ എം സമർഥിച്ചു. അതാണ് യാഥാർഥ്യം. പാവപ്പെട്ടവരുടെ കൈയിലേക്ക് പണം എത്തിക്കുന്നതിന് ബിജെപിയും എതിരാണ്. ലോക്ഡൗൺമൂലം പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലാണ്ടപ്പോൾ അവർക്ക് പണമായി ഒന്നും നൽകാൻ മോഡി സർക്കാർ തയ്യാറായില്ല.

ഏതു പ്രതിസന്ധിയിലും ഇടതുപക്ഷ സർക്കാർ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് എൽഡിഎഫിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ ഇവിടെ പിണറായി വിജയൻ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നുകൂടി ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.

നിലപാടുകളിലുള്ള എൽഡിഎഫിന്റെ സ്ഥൈര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യത്തിൽ തീർച്ചയായും പ്രതിഫലിക്കുന്നുണ്ട്. യുഡിഎഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയായിരുന്നില്ലേ ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ. അതു പൂർത്തിയാക്കാനായത് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം കൊണ്ടാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ദേശീയപാത വികസനത്തിന്റെ കാര്യവും ഇതുപോലെതന്നെ. ഭൂമി എടുക്കുന്നതിന് എതിർപ്പ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാർ ആ പദ്ധതി ഇട്ടേച്ചുപോയി. ജനങ്ങളുടെ പിന്തുണയോടെ ആ പദ്ധതി നടപ്പാക്കാൻ തുടങ്ങി. കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമൺ–-കൊച്ചി പവർ ഹൈവേയുടെ കാര്യത്തിലും ഈ നിശ്ചയദാർഢ്യം നമുക്ക് കാണാം. അതുകൊണ്ടുതന്നെ ഉറപ്പ് എന്ന് എൽഡിഎഫ് പറയുമ്പോൾ നിശ്ചയദാർഢ്യം എന്ന അർഥംകൂടി അതിനുണ്ട്.

കോവിഡിനുശേഷമുള്ള ലോകം ഇന്നത്തെ നിലയിലായിരിക്കില്ല എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. പ്രതിസന്ധികൾക്കൊപ്പം ചില അവസരങ്ങളും കോവിഡ് മഹാമാരി നമുക്ക് തുറന്നുതരുന്നു. കേരളത്തിലിരുന്ന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള സംരംഭങ്ങൾക്കുവേണ്ടിയും ജോലി ചെയ്യാൻ കഴിയും. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. ആ നിലയിൽ ഭാവികേരളത്തെ ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന് കഴിയും എന്ന ഉറപ്പും ജനങ്ങൾക്കുണ്ട്. അതിവേഗ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതിയും ആഗോള തൊഴിൽവിപണിയുമായി നമ്മുടെ അഭ്യസ്തവിദ്യരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ബന്ധപ്പെടുത്താൻ ബജറ്റിൽ നിർദേശിച്ച പദ്ധതിയും ജനങ്ങളുടെ മുമ്പിലുണ്ട്. കേരളത്തെ വിജ്ഞാനസമൂഹമായും ഡിജിറ്റൽ സമ്പദ്ഘടനയായും പരിവർത്തനപ്പെടുത്താനുള്ള വലിയ കാൽവയ്‌പാണ് എൽഡിഎഫ് സർക്കാർ നടത്തിയത്.

ഹിന്ദുവർഗീയത പത്തിവിടർത്തി നിൽക്കുന്ന ദേശീയ സാഹചര്യത്തിലാണ് നാം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ചങ്കൂറ്റത്തോടെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ ഉണ്ടാകണമെന്നത് ജനങ്ങളുടെ പൊതുതാൽപ്പര്യമാണ്. വർഗീയതയോട് ചാഞ്ചാടുന്ന നയം സ്വീകരിക്കുന്നവരെയോ ഹിന്ദുത്വവർഗീയതയ്ക്ക് ബദലായി മൃദുഹിന്ദുത്വനയവുമായി പോകുന്നവരെയോ പ്രബുദ്ധരായ ജനങ്ങൾ അംഗീകരിക്കില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരാണ് കേരളത്തിലുള്ളത്. വർഗീയധ്രുവീകരണ നയങ്ങളോടൊപ്പംതന്നെ കോർപറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക ഉദാരവൽക്കരണത്തെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു.

സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മൂന്നു മാസത്തിനകം പാചകവാതകത്തിന് 225 രൂപ വർധിപ്പിച്ചു. മോഡി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ 400 രൂപയായിരുന്ന ഗാർഹിക സിലിൻഡറിന് 828 രൂപയായി. ഈ കൊള്ളയോടൊപ്പം മറ്റൊരു വഞ്ചന കൂടിയുണ്ട്. സബ്സിഡി പൂർണമായി നിർത്തി. പാചകവാതക സബ്സിഡി അക്കൗണ്ടിൽ വരുമെന്ന് വാഗ്ദാനം ചെയ്ത് എല്ലാവരെക്കൊണ്ടും ബാങ്ക് അക്കൗണ്ട് തുറപ്പിക്കുകയും ആധാർ ബന്ധിപ്പിക്കുകയും ചെയ്തു. അതിനുവേണ്ടി പാവപ്പെട്ടവർ അനുഭവിച്ച കഷ്ടപ്പാട് വിവരണാതീതമാണ്. ഇപ്പോൾ എന്താണ് സംഭവിച്ചത്? 2020 മെയ് മുതൽ ആരുടെ അക്കൗണ്ടിലേക്കും സബ്സിഡി പോകുന്നില്ല. അത് നിർത്തി.

പെട്രോൾ, ഡീസൽ എന്നിവയുടെ വില നിത്യേന ഉയർന്ന് പെട്രോളിന് 100 രൂപയ്ക്ക് അടുത്തും ഡീസലിന് 90 രൂപയ്ക്ക് അടുത്തും എത്തി. കോൺഗ്രസിന് ഇതിനെ ശക്തിയായി എതിർക്കാൻ പറ്റില്ല. ഉദാരവൽക്കരണത്തിന്റെ ഭാഗമായി 2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. 2014ൽ മോഡി സർക്കാർ വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഉപേക്ഷിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയും ഇന്ത്യയിലെ വിലയുമായി ഒരു ബന്ധവും ഇല്ല. ഇവിടെ നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. 2018–-19ൽ 2.94 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതി വഴി കേന്ദ്രം സമാഹരിച്ചത്. 2019–-20 ൽ 2.4 ലക്ഷം കോടി. 2020–-21 ൽ അതു നാലു ലക്ഷം കോടി രൂപയാകും. ഈ കൊള്ളയെ ന്യായീകരിക്കുന്നവരാണ് സംസ്ഥാനത്തിന് നികുതി കുറച്ചുകൂടേ എന്ന് ചോദിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി 2018–-19ൽ നികുതി ഇനത്തിൽ കിട്ടിയത് 27,000 കോടി രൂപ മാത്രമാണ്.

“ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചപ്പോൾ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം ശ്രദ്ധിച്ചില്ലേ. വെറുപ്പാണ് എൽഡിഎഫ് എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഇതിനെ നിസ്സാരമായി കാണേണ്ട. ബിജെപിയോട് രഹസ്യമായി ധാരണയിലെത്തിയിട്ടുള്ള കോൺഗ്രസ് നേതൃത്വം എൽഡിഎഫിനെ വെറുപ്പോടെയാണ് കാണുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം തടയുന്നതിന് വർഗീയശക്തികളുമായി കൂട്ടുചേരുമ്പോൾ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉണ്ടാക്കിയ സഖ്യത്തെ തള്ളിപ്പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല. അതിന്റെ അർഥം വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യവുമായി യുഡിഎഫ് മുമ്പോട്ടുപോകുകയാണ്.

വർഗീയതയോടുള്ള സമരസപ്പെടൽ കോൺഗ്രസിനെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിൽ അടുത്ത ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളിൽനിന്ന് വ്യക്തമാകും. ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദശർമ തുടങ്ങിയ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ഈ സംഘത്തിന്റെ പോക്ക് ഏതുവഴിക്കാണെന്ന് ഇപ്പോൾ പ്രവചിക്കുക വയ്യ. നരേന്ദ്ര മോഡിയെ പ്രശംസിച്ചുകൊണ്ട് ജമ്മുവിലെ പൊതുപരിപാടിയിൽ ഗുലാം നബി ആസാദ് നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണ്.

ഇതിലൊന്നും ഇടപെടാൻ ശേഷിയില്ലാതെ രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിൽ നാടകം കളിച്ചുനടക്കുന്നു. അതിനിടയിൽ അദ്ദേഹം ഒരു സത്യം പറഞ്ഞു. ഏതു സംസ്ഥാനത്തായാലും കോൺഗ്രസിന് ചെറിയ ഭൂരിപക്ഷം കിട്ടിയിട്ട് കാര്യമില്ല. കാരണം, കോൺഗ്രസുകാരെ കാലുമാറ്റി ബിജെപി അധികാരം പിടിക്കും. ഇതു പറയുമ്പോൾത്തന്നെ, ബിജെപിയെ നേരിടാൻ കോൺഗ്രസിനും രാഹുലിനും ഒറ്റ പരിപാടിയേയുള്ളൂ–-മൃദുഹിന്ദുത്വം. അതിന്റെ കൂടെ, ഇപ്പോൾ തീവ്ര ഇടതുപക്ഷ വിരോധവുമുണ്ട്. ആരു വിചാരിച്ചാലും ഈ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News