ബി.ജെ.പി അധികാര സംസ്ഥാനങ്ങളില്‍ പെട്രോളിന് വില കുറവാണെന്ന പൊള്ളത്തരം പൊളിച്ചടുക്കി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം

തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച അടവാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പെട്രോളിന് വില കുറവാണെന്നും മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വില കൂടുതലെന്നും കാണിച്ചുള്ള ബി.ജെ.പി നേതാവിന്റെ വാദമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ചില സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ വിവരങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. ഇതോടെ കള്ളക്കണക്കുകള്‍ നിരത്തിക്കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപി നീക്കമാണ് തകര്‍ന്നടിഞ്ഞത്.

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ പെട്രോള്‍ വിലയുടെ കണക്കുകള്‍ നിരത്തി തമിഴ്നാട് ബി.ജെ.പി വക്താവ് എസ്.ജി സൂര്യ രംഗത്തെത്തിയത്.

ബി.ജെ.പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 87 രൂപയേക്കാള്‍ കുറവാണ് പെട്രോളിന്റെ വിലയെന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 90 ന് മുകളിലാണ് പെട്രോള്‍ വിലയെന്നും ട്വീറ്റില്‍ പറയുന്നു.

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പെട്രോളിന്റെ വില ഏറ്റവും കുറഞ്ഞിരിക്കുന്നത്. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോള്‍ വില ഏറ്റവും കൂടുതല്‍,’ എന്നായിരുന്നു സൂര്യ ട്വീറ്ററില്‍ കുറിച്ചത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകയിലും പെട്രോളിന്റെ വില 90 രൂപക്കും മുകളിലാണന്നും അന്വേഷണത്തിലൂടെ കണ്ടെത്തി. ഈ രണ്ട് സംസ്ഥാനങ്ങളും പട്ടികയിലില്ല.

93 രൂപക്ക് മുകളില്‍ പെട്രോള്‍ വിലയെത്തിയ ബി.ജെ.പി -നാഷ്ണല്‍ പീപ്പിള്‍ പാര്‍ട്ടി സഖ്യം ഭരിക്കുന്ന മണിപ്പൂരിനെയും ഉള്‍പ്പെടുത്തിയിട്ടില്ല.

മാത്രമല്ല, ബി.ജെ.പി സഖ്യകക്ഷിയായ മുന്നണികള്‍ ഭരിക്കുന്ന നാഗാലാന്റ്, ബീഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളെ ബി.ജെ.പി-ഇതര സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പെട്രാള്‍ വില കൂടുതലാണെന്നും അത് ബി.ജെ.പി അധികാരത്തില്‍ വരാത്തതുകൊണ്ടാണെന്ന് പരോക്ഷമായി വാദിക്കുകയും ചെയ്യുന്നു.

ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ നിരവധി പേരാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. വില വര്‍ധിപ്പിക്കുന്നത് കൂടാതെ ജനങ്ങളെ കള്ളക്കണക്ക് കാണിച്ച് പറ്റിക്കുകയാണെന്നാണ്  പലരും ട്വിറ്ററില്‍ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here