കോ-വിൻ പണിമുടക്കി; വാക്‌സിൻ സ്വീകരിച്ച ഡോക്ടർക്കും കോവിഡ്; ആശങ്കയൊഴിയാതെ മുംബൈ

മഹാരാഷ്ട്രയിൽ കോവിഡ് കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ടെങ്കിലും സാങ്കേതിക തകരാറും സൗകര്യപ്രദമായ കേന്ദ്രങ്ങളുടെ അഭാവവും പലയിടത്തും വലിയ തിരക്കിന് കാരണമായി.

മുതിർന്ന പൗരന്മാർക്ക് വാക്സിൻ നൽകുന്നതിന്റെ രണ്ടാം ദിവസവും കോ-വിൻ ആപ്ലിക്കേഷൻ പണിമുടക്കിയതോടെ നിരവധി പേർ ബുദ്ധിമുട്ടിലായി. ബാന്ദ്രാ-കുർള കോംപ്ലക്സിലെ ജമ്പോ സെന്ററിലാണ് ചൊവ്വാഴ്ച കോ-വിൻ ആപ് പ്രവർത്തിക്കാത്തതിനെത്തുടർന്ന് മണിക്കൂറുകൾ കാത്തിരുന്ന പലരും വാക്സിൻ എടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു.

ആദ്യ ദിവസം നഗരത്തിൽ എട്ടു കേന്ദ്രങ്ങളിൽ നിന്നായി 1981 പേർ വാക്സിൻ സ്വീകരിച്ചിരുന്നു. രണ്ടാം ദിവസമാകുമ്പോഴേക്കും വാക്സിൻ കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചെങ്കിലും സാങ്കേതിക പിഴവുകൾ വിനയായി.

60 വയസ്സ് കഴിഞ്ഞവർക്കും ഗുരുതരരോഗമുള്ള 45 കഴിഞ്ഞവർക്കുമാണ് വാക്സിൻ നൽകുന്നത്. എന്നിരുന്നാലും നഗരത്തിലെ ജനസാന്ദ്രത കണക്കിലെടുത്ത് സ്വകര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കിയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങൾ വലിയ വെല്ലുവിളി ഉയർത്തും.

രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരിൽ പകുതിയോളം മഹാരാഷ്ട്രയിൽനിന്നാണ്. സംസ്ഥാനത്തെ 40 ശതമാനം രോഗികളും മുംബൈ, പുണെ, നാഗ്പുർ, അമരാവതി തുടങ്ങി നാലു ജില്ലകളിൽനിന്നുള്ളവരാണ്. കോവിഡ് പരിശോധനയിൽ കുറവ് വരുത്തുന്നതാണ് ഇത്രയധികം പേർക്ക് രോഗം പകരാൻ കാരണമായി പറയുന്നത്.

മുംബൈയിൽ വാക്‌സിൻ സ്വീകരിച്ച ഡോക്ടർക്കും കോവിഡ്

വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് സയൺ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞായിരിക്കും വാക്സിന്റെ ഫലം ശരീരത്തിന് ലഭിക്കുകയെന്നാണ് വിദഗ്ദർ പറയുന്നത്.

വാക്സിൻ എടുത്തു കഴിയുമ്പോൾ ചിലർക്ക് ചെറിയ പനിയും മറ്റും വരുന്നത് സാധാരണമാണെന്നും എന്നാൽ കുത്തിവയ്പ്പിന് ശേഷം ഇനി രോഗം വരില്ലെന്ന ധാരണ തെറ്റാണെന്നും മുന്നറിയിപ്പ് നൽകി.

വാക്സിന്റെ ഫലം ലഭിക്കണമെങ്കിൽ രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസമെങ്കിലും കഴിയണം. അത് കൊണ്ട് കോവിഡ് വാക്സിൻ എടുത്ത ശേഷവും മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും തുടരണമെന്നും വിദഗ്ദർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here