മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം; 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണം; പി സി ചാക്കൊ

മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം. 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണമെന്ന നിലപാടുമായി പി സി ചാക്കൊ പരസ്യമായി രംഗത്തെത്തി. കെ സി ജോസഫ്, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുൾപ്പടെയുള്ള നേതാക്കൾ ഇത്തവണ മത്സര രംഗത്തു നിന്ന് പിന്മാറണമെന്നും പി സി ചാക്കൊ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടന്നത്.മുതിർന്ന നേതാക്കൾ ഇനി മത്സരിക്കരുതെന്നായിരുന്നു പിസി ചാക്കൊ ഉൾപ്പടെയുള്ളവർ യോഗത്തിൽ നിലപാടെടുത്തത്.

ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്കു മുൻപാകെ അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തു.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒഴികെ 5 തവണ മത്സരിച്ചവരാരും ഇത്തവണ മത്സരിക്കരുതെന്ന് പി സി ചാക്കൊ പറഞ്ഞു.

സ്ഥിരമായി നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന കെ സി ജോസഫ്, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ഈ നിർദ്ദേശം അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും പി സി ചാക്കൊ പറഞ്ഞു.കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ടെന്നത് സത്യമാണ്. എന്നാൽ ഇത്തവണ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വെപ്പ് നടക്കില്ലെന്നും പി സി ചാക്കൊ വ്യക്തമാക്കി.

പി സി ചാക്കൊയുടെ പരസ്യ പ്രതികരണം , കെ സി ജോസഫ്, കെ ബാബു, തിരുവഞ്ചൂർ അടക്കുള്ള നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കെ സി ജോസഫ് ചങ്ങനാശ്ശേരിയിലും ,തിരുവഞ്ചൂർ കോട്ടയത്തും, ബാബു തൃപ്പൂണിത്തുറയിലും സ്ഥാനാർത്ഥിയാകാൻ തയ്യാറെടുത്തിരിക്കെയാണ് പി സി ചാക്കൊയുടെ പരസ്യ പ്രതികരണം എന്നതും ശ്രദ്ധേയം. പതിവായി മത്സരിക്കുന്ന മുതിർന്ന നേതാക്കൾ പി സി ചാക്കോയുടെ നിലപാടിനോട് എങ്ങനെ പ്രതികരിക്കും എന്നതും നിർണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here