സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡനം; ബിജെപി മന്ത്രി രാജി വച്ചു

ലൈംഗികപീഡന ആരോപണ വിഷയത്തില്‍ കര്‍ണാടക ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു . സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണമുയര്‍ന്നിരുന്നു.
വൈദ്യുതി വകുപ്പിന് കീഴിലുള്ള KPTCLല്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി രമേശ് ജാര്‍ക്കിഹോളി 25കാരിയായ യുവതിയെ ലൈംഗികമായി ചൂഷണം െചയ്തെന്നായിരുന്നു ആരോപണം. പിന്നീട് ജോലി നല്‍കില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് പെണ്‍കുട്ടിയും കുടുംബവും മനുഷ്യാവകാശപ്രവര്‍ത്തകനായ ദിനേഷ് കാലഹള്ളിയെ സമീപിച്ചത്.

തുടര്‍ന്ന് ദിനേശ് കാലഹള്ളിയാണ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ദൃശ്യങ്ങളെല്ലാം വ്യാജമാണെന്നാരോപിച്ച് മന്ത്രി വാര്‍ത്ത നിഷേധിക്കുകയായിരുന്നു. എന്നാല്‍, രാജി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നായിരുന്നു രാജി. രാജി മുഖ്യമന്ത്രി യെദ്യൂരപ്പ സ്വീകരിച്ചു.

മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തിലുള്ള വിമത പ്രവര്‍ത്തനങ്ങളാണ് ജെഡിഎസ്–കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി, ബിജെപിയെ അധികാരത്തിലെത്തിച്ചത്. നിലവില്‍ ബലഗാവി ജില്ലയിലെ ബിജെപി ചുമതലക്കാരനാണ് രമേശ് ജാര്‍ക്കിഹോളി. ബലഗാവി ലോക്സഭാസീറ്റിലേക്കും ജില്ലക്കകത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. കര്‍ണാടകയില്‍ സംസ്ഥാന ബജറ്റ് കൂടി അവതരിപ്പിക്കാനിരിക്കെ പീഡനക്കേസില്‍ മന്ത്രിസഭയിലെ പ്രമുഖന്‍റെ രാജി യെദിയൂരപ്പ സര്‍ക്കാരിനും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിനും തലവേദനയാകുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News