“ഗലി ഗലി മേം ഷോർ ഹെ………..” ഒരു തെരഞ്ഞെടുപ്പിന്റെ ഓർമ്മ:ജോൺ ബ്രിട്ടാസ് എഴുതുന്നു

മനസ്സിൽ പതിഞ്ഞ മുദ്രാവാക്യങ്ങൾ ഏതൊക്കെയാണ്? ഓരോ തെരഞ്ഞെടുപ്പ് കാലവും നമ്മളിൽ അവശേഷിപ്പിക്കുന്ന മുദ്രാവാക്യങ്ങ‍ളുണ്ടാകാം. ചിലതൊക്കെ മങ്ങും, മറ്റുചിലത് കാലയവനികയ്ക്ക് പിന്നിലേക്ക് മറയും.

രാഷ്ട്രീയബോധം വെച്ച് തുടങ്ങിയ സമയത്ത് കേട്ട ഒരു മുദ്രാവാക്യം ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നുണ്ട്. അന്ന് സ്കൂൾ വിദ്യാർഥിയാണ്, രാഷ്ട്രീയത്തോട് പ്രത്യേകിച്ച് കമ്പമൊന്നുമില്ല. എങ്കിലും അന്ന് മനസ്സിൽ കയറിയതാണ് ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’. അടിയന്തരാവസ്ഥയുടെ രൂക്ഷതയെക്കുറിച്ചോ അതിന്റെ രാഷ്ട്രീയതലങ്ങളെക്കുറിച്ചോ പ്രത്യേകിച്ചൊരു ധാരണയൊന്നും ഇല്ലാതിരുന്നിട്ടും ഈ മുദ്രാവാക്യം എന്തുകൊണ്ടോ എളുപ്പത്തിൽ മനസ്സിൽ ചേക്കേറി.

എൺപതുകൾ മുതലാണ് രാഷ്ട്രീയത്തിന്റെ അകംപുറങ്ങൾക്ക് പിന്നാലെ എന്റെ മനസ്സ് പാഞ്ഞ് തുടങ്ങിയത്. എന്നാൽ ഡൽഹിയിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ശേഷമാണ് രാഷ്ട്രീയത്തേയും തെരഞ്ഞെടുപ്പുകളേയും സാകൂതം നിരീക്ഷിച്ചു തുടങ്ങിയത്. ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച 1989ലെ ലോകസഭ തെരഞ്ഞെടുപ്പും പിന്നീടുള്ള സംഭവവികാസങ്ങളും തെളിമയോടെ എന്റെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്നു. രാജ്യത്തിന്റെ ഭരണത്തിൽ നെഹ്റു കുടുംബത്തിനുണ്ടായിരുന്ന ആധിപത്യത്തിന് അറുതി വരുത്തിയത് 1989ലെ തെരഞ്ഞെടുപ്പായിരുന്നു. ആ പ്രഹരത്തിൽ നിന്ന് മൂന്ന് പതിറ്റാണ്ട് ക‍ഴിഞ്ഞിട്ടും കോൺഗ്രസിന് തലപ്പൊക്കാൻ ക‍ഴിഞ്ഞിട്ടില്ല.

ഇന്ദിരാഗാന്ധിയുടെ കൊലപാതകം സൃഷ്ടിച്ച സവിശേഷമായ രാഷ്ട്രീയ പരിതസ്ഥിതിയിലായാണ് രാജീവ്ഗാന്ധി ഉദിച്ചുയരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ഭൂരിപക്ഷം – 542ൽ 411 സീറ്റുകൾ. പ്രതിപക്ഷം ലോകസഭയുടെ ഒരു മൂലയിലേക്ക് ഒതുങ്ങി. ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രം. സിപിഐ(എം)ഉം തെലുങ്കുദേശവുമാണ് രാജീവ്ഗാന്ധിയുടെ റോഡ് റോളറിന് മുന്നിൽ പിടിച്ച് നിന്നത്.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാർലമെന്റ് റിപ്പോർട്ടിംഗ് ഞാൻ ആരംഭിക്കുന്നത്. അന്നത്തെ ലോകസഭയിെല സുപ്രധാന മുഹൂർത്തങ്ങളൊക്കെ മനസ്സിൽ ഇന്നുമുണ്ട്. ചക്രവർത്തിയുടെ ഭാവതലങ്ങളെ അനുസ്മരിക്കുന്ന രീതിയിലായിരുന്നു രാജീവ്ഗാന്ധിയുടെ ചലനങ്ങൾ. സഭയിലേക്ക് രാജീവ്ഗാന്ധി കടന്നു വരുന്നതിനു മുമ്പ് തന്നെ അതിന്റെ കമ്പനങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ലോബിയിലും സെൻട്രൽ ഹാളിലുമൊക്കെ സൊറ പറഞ്ഞിരിക്കുന്ന കോൺഗ്രസ് അംഗങ്ങൾ സഭയ്ക്ക് ഉള്ളിലേക്ക് ഇരച്ചുകയറും. രാജീവ് ഉണ്ടെങ്കിൽ കോൺഗ്രസ് ബെഞ്ചുകൾ നിറഞ്ഞിരിക്കും. അദ്ദേഹത്തിന്റെ ഓരോ വാചകത്തിന് ശേഷവും കഴിയുമെങ്കിൽ ഡസ്കിൽ കൈയ്യടിച്ചു കോൺഗ്രസ് അംഗങ്ങൾ പ്രോൽസാഹിപ്പിച്ചു കൊണ്ടിരിക്കും.

ബോഫേഴ്സ് കുംഭകോണം ഈ ഇതിവൃത്തതെ തലകീഴെ മറിച്ചു. ചെറുതെങ്കിലും ശക്തമായ ഒരു വിഭാഗം രാജീവ്ഗാന്ധിക്ക് എതിരെ നിലയുറപ്പിച്ചു. അതിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായിരുന്ന വി.പി.സിങും അരുൺ നെഹ്റും ആരിഫ് മുഹമ്മദ് ഖാനുമൊക്കെ ഉൾപ്പെടും. അപ്രസക്തം എന്ന് കരുതിയിരുന്ന പ്രതിപക്ഷത്തിന്റെ സ്വരം ഗർജ്ജനമാകാൻ അധികകാലം വേണ്ടിവന്നില്ല. മധു ദണ്ഡവതെ, സോമനാഥ് ചാറ്റർജി, ഇന്ദ്രജിത്ത് ഗുപ്ത, പി.ഉപേന്ദ്ര, ജയപാൽ റെഡ്ഡി, കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വം ശുഷ്കമായ പ്രതിപക്ഷത്തിന് പ്രത്യേകം എടുപ്പ് നൽകുന്നതായിരുന്നു. കേരളത്തിൽ നിന്ന് പ്രതിപക്ഷനിരയിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത് – ഉണ്ണികൃഷ്ണനെ കൂടാതെ സുരേഷ് കുറുപ്പും, തമ്പാൻ തോമസും. കന്നി അങ്കത്തിലാണ് കുറുപ്പ് എംപി ആയതെങ്കിലും പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന അംഗമായി മാറാൻ കുറുപ്പിന് ക‍ഴിഞ്ഞിരുന്നു. മൃഗീയ ഭൂരിപക്ഷത്തിന്റെ സംരക്ഷമൊക്കെ അവസാനമായപ്പോ‍ഴേക്കും ബോഫേ‍ഴ്സ് കുംഭകോണത്തിൽ ആവിയായി പോയി. ചക്രവർത്തി നഗ്നനാണ് എന്ന് പറയുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു തുടങ്ങി. കോൺഗ്രസിൽ നിന്ന് വിഘടിച്ച് വന്ന ചെറുഗ്രൂപ്പുകളും പ്രതിപക്ഷവും ലോകസഭയിൽ നിന്ന് രാജിവച്ചതോടെ രാജീവ്ഗാന്ധി പ്രതിരോധത്തിലായി. ഇതൊന്നും കൂസാതെ അദ്ദേഹം മുന്നോട്ട് പോയെങ്കിലും ചരിത്രത്തിലെ ദയനീയ പതനത്തിനായാണ് അദ്ദേഹം കാത്തോർത്തതെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.

ശൈത്യക്കാലത്താണ് ഒമ്പതാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഗംഗാതടത്തിലെ രാഷ്ട്രീയം പരിചയിക്കാൻ എനിക്ക് ആദ്യം അവസരം ലഭിച്ചത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. കേരളത്തിൽ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് രീതികളാണ് അന്ന് ഉത്തരേന്ത്യയിലുള്ളത്. നമ്മുടെ നാട്ടിലുള്ളതുപോലെ സംഘടിതമായ ‍വൻ റാലികളൊക്കെ അപൂർവ്വമാണ്. ചെറുയോഗങ്ങളെ നേതാക്കൾ അഭിസംബോധന ചെയ്ത് മുന്നോട്ടുപോകുന്നതായിരുന്നു രീതി. തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിന് നിയതമായ സമ്പ്രദായമൊന്നുമില്ല. എങ്കിലും മാധ്യമപ്രവർത്തകർ ചെറുസംഘങ്ങളായി പരമാവധി സ്ഥലങ്ങളിൽ എത്തും. വഴിയോരങ്ങളിൽ വാഹനം നിർത്തി ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കും. ഉത്തരേന്ത്യ ആയതുകൊണ്ട് തന്നെ ജാതി ചോദിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുക. പ്രാദേശിക രാഷ്ട്രീയ വിദഗ്ധരെ തേടിപ്പിടിച്ച് അവരുടെ നിഗമനങ്ങൾ ആരായുകയാണ് മറ്റൊരു രീതി. പൊതുയോഗങ്ങളിലെ ജനങ്ങളുടെ ആവേശവും പ്രതികരണം നോക്കി ചില അനുമാനങ്ങളിൽ എത്താൻ കഴിയുമോ എന്നും ശ്രമിക്കും. ഇടവേളകളിൽ ലഭ്യമാകുന്ന നേതാക്കളെ കണ്ട് ചെറിയ അഭിമുഖങ്ങളും തരപ്പെടുത്തും. താമസിക്കുന്ന ഹോട്ടലിലെ റൂംബോയ് മുതൽ മാനേജർ വരെയുള്ള ആൾക്കാരോട് ചുമ്മാ രാഷ്ട്രീയം സംസാരിക്കും. ചില ഉൾക്കാഴ്ചകൾ കിട്ടാൻ ഇത്തരം ആശയവിനിമയങ്ങൾ സഹായകരമാകും.

വി.പി.സിങ് ഉദിച്ചുയരുന്നുവെന്ന് ബോധ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഉത്തർപ്രദേശിലെ പൊതുയോഗങ്ങൾ വീക്ഷിച്ചപ്പോഴാണ്. പതിഞ്ഞ ശബ്ദത്തിൽ, നിർത്തി നിർത്തി സ്ഫുടതയോടെ സംസാരിക്കുന്ന വി.പി.സിങിന്റെ വാചക ശകലങ്ങളെ കാതുകൂർപ്പിച്ചാണ് ജനങ്ങൾ കേട്ടിരുന്നത്. അന്ന് വി.പി.സിങ് നടത്തിയ പ്രസംഗങ്ങളിൽ പൊതുവായ ഒരു ധാരയുണ്ട്, ഒരാത്മാവും. ഓരോ വാചകവും ജനങ്ങളിലേക്ക് അരിച്ചിറങ്ങും. അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. “പാവപ്പെട്ടവരുടെ കണ്ണുനീർത്തുള്ളികൾ ആസിഡായി മാറാൻ അധികകാലം വേണ്ട, അധികാരി വർഗ്ഗം ഈ കണ്ണുനീർ വർഷത്തിൽ ചാമ്പലായി പോകും” – ഈ തരത്തിലുള്ള ഒട്ടേറെ പരാമർശങ്ങൾ ചേർത്തിണക്കിയാണ് വി.പി.സിങ് മുന്നേറുക. എന്നാൽ ജനങ്ങളുടെ ആരവം ഉയരുന്നത് അദ്ദേഹം ബോഫേ‍ഴ്സിനെ കുറിച്ച് പറയുമ്പോഴാണ്. “നിങ്ങളുടെ പണം വിദേശത്തെ അളിയന്മാർ അടിച്ചോണ്ട് പോവുകയാണ്, നമ്മൾ സമ്മതിക്കരുത്.”

രാജീവിന്റെ പതനത്തിന് വഴിവെച്ച പ്രധാനപ്പെട്ട ഒരു മുദ്രാവാക്യം ഉത്തരേന്ത്യൻ ഭൂമികയിൽ അന്ന് ഇടവിടാതെ ഉയർന്നുകൊണ്ടിരുന്നു – “ഗലി ഗലി മേം ഷോർ ഹെ, രാജീവ്ഗാന്ധി ചോർ ഹെ”. ‘തെരുവ് – തെരുവോരങ്ങളിൽ മുഴങ്ങുന്നു, രാജീവ് ഗാന്ധി കള്ളനാണെന്ന്’ – മലയാളം പരിഭാഷയിൽ ഹിന്ദിയിലെ പ്രാസം നഷ്ടപ്പെട്ട് പോകുമെങ്കിലും ഈ മുദ്രാവാക്യത്തിന്റെ അർത്ഥം ഇതാണ്. ഏത് പൊതുയോഗത്തിലും നേതാക്കളുടെ പ്രസംഗത്തിനിടയിൽ ഇത് മുഴങ്ങിക്കൊണ്ടിരുന്നു. അ‍ഴിമതി ഇത്രകണ്ട് ജനങ്ങളിലേക്ക് എത്തിയ മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിന് വഴിവച്ച 2ജി കുംഭകോണം ഉൾപ്പെടെയുള്ളവയ്ക്ക് ബോഫേ‍ഴ്സിന്റെ മൂർച്ചയുണ്ടായിരുന്നില്ല എന്നാണ് എന്റെ അനുമാനം. ഇന്നും ബോഫോഴ്സ് എന്ന് പറഞ്ഞാൽ നിരക്ഷരരായ ഉത്തരേന്ത്യക്കാരന് പോലും ചിലത് അനുമാനിച്ചു എടുക്കാൻ കഴിയും. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ബോഫേ‍ഴ്സിനെ ചുറ്റിപ്പറ്റിയുള്ള ആ മുദ്രാവാക്യം മറന്നിട്ടില്ല എന്നർത്ഥം.

മൃഗീയമായ ഭൂരിപക്ഷത്തിൽ നിന്ന് ദയനീയ തോൽവിയിലേക്കുള്ള രാജീവ്ഗാന്ധിയുടെ പ്രയാണവും പിന്നീടുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുമൊക്കെ ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അദ്ദേഹത്തിന്റെ ദാരുണാന്ത്യമാണ് കോൺഗ്രസിനെ യഥാർത്ഥത്തിൽ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പഴയ പല തെരഞ്ഞെടുപ്പ് വിശേഷങ്ങളും മനസ്സിലേക്ക് ഇരമ്പിയെത്തും. എന്നും പുതിയ പുഴയാണ് ഒഴുകുന്നത് എന്ന് പറയുന്നതുപോലെ ഓരോ തെരഞ്ഞെടുപ്പും പുതിയതാണ്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മാധ്യമ വ‍ഴിത്താരയിൽ ഒരു തെരഞ്ഞെടുപ്പിന് മാത്രം അടിവരയിടാൻ ആരെങ്കിലും നിർദ്ദേശിച്ചാൽ എന്റെ മനസ്സ് പായുക 1989ലെ ശൈത്യത്തിലേക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News