ഫൈനലിലെ മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഫോട്ടോ സോഷ്യൽ‌ മീഡിയയിൽ വൈറൽ

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. ദിനം പ്രതി പെട്രോൾ- ഡീസൽ വില വർധിക്കുകയാണ്. ദിവസേനയുള്ള വില വർധനവിനെതിരെ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇന്ധന വില വർധനവിനെതിരെ സോഷ്യൽ മീഡിയയിലും പ്രതികരണം ശക്തമാവുകയാണ്. പ്രതിഷേധത്തിനൊപ്പം ട്രോളുകളും പരിഹാസങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമാവുകയാണ്.

ഇതിനൊപ്പം, ഇന്ധന വിലയുമായി ബന്ധപ്പെട്ട് സൃഷ്ടിപരമായ ചിന്തകളും പ്രവർത്തനങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ഒരു പെട്രോൾ പമ്പ്, തെറ്റ് കൂടാതെ തിരുക്കുറൾ വായിക്കുന്ന കുട്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. നാഗംപള്ളി ഗ്രാമത്തിലെ അറവാകുറിച്ചിയിലെ വള്ളുവർ ഏജൻസീസിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പാണ് കുട്ടികൾക്കായി സമ്മാനം പ്രഖ്യാപിച്ചത്. തിരുവള്ളൂവർ ദിനത്തോടനുബന്ധിച്ച് ജനുവരി 16നായിരുന്നു ഓഫർ പ്രഖ്യാപിച്ചിരുന്നത്.

ഇതേസമയം തന്നെ പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റുമായി നിൽക്കുന്ന ഒരാളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സെഞ്ചുറി നേടിയ ബാറ്റ്സ്മാനെ പോലെയായിരുന്നു ആ യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പെട്രോൾ വില 100 അടിക്കുന്നതിനോടുള്ള സർഗാത്മകമായ പ്രതികരണമായിരുന്നു അത്.

ഈ ആഴ്ച ഭോപ്പാലിൽ നിന്നാണ് സമാനമായ ഒരു വാർത്തയും ചിത്രവും വന്നിരിക്കുന്നത്. ക്രിക്കറ്റ് ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത താരത്തിന് 5 ലിറ്റർ പെട്രോളാണ് സമ്മാനമായി നൽകിയത്. ഭോപ്പാലിലെ കോൺഗ്രസ് നേതാവ് മനോജ് ശുക്ലയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ സലാഹുദ്ദീൻ അബ്ബാസി എന്ന താരമാണ് മാൻ ഓഫ് ദി മാച്ച് ആയി തെര‍ഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here