ജനകീയ സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തലയുടെ രാഷ്ട്രീയത്തിന്റെ നിറമെന്ത് എന്ന ചോദ്യം ഉയരുമ്പോള്‍

പ്രതിപക്ഷ നേതാവിൻ്റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വർഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒരേ സമയം സ്വന്തം പാര്‍ട്ടിയുടെയും ജനങ്ങളുടെയും വ്ശ്വസ്യത നേടിയെടുക്കുക എന്നതാണ് ചെന്നിത്തല ഇന്ന് നേരിടുന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി.

2016ൽ തോറ്റ്, എല്ലാ ചുമതലകളും കയ്യൊഴിഞ്ഞ് ഉമ്മൻ ചാണ്ടി കളം വിട്ടപ്പോൾ പ്രതിപക്ഷ നേതൃ കസേരയിലെത്തിയ രമേശ് ചെന്നിത്തലക്ക് അത് പുതിയൊരു അവസരമായിരുന്നു. എതിർ ഗ്രൂപ്പിൻ്റെ നേതാവ് സ്ഥലത്തില്ലാത്തത് ബെനഫിറ്റ് ആണെന്ന് ചെന്നിത്തല തന്നെ കരുതിയിരിക്കണം.

ഒപ്പം, സ്വന്തം കരിയറും മെച്ചപ്പെടുത്താൻ കഴിയുന്ന കാലം. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം ചെന്നിത്തലയുടെ പൊളിറ്റിക്കൽ കരിയറിൻ്റെ തോണി മുമ്പോട്ട് പോയില്ലെന്ന് മാത്രമല്ല, തുഴ പോലും വല്ലവർക്കും കടം കൊടുത്ത അവസ്ഥയിലാണെന്നാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലും അടക്കം പറച്ചിൽ.

സുകുമാരൻ നായരുടെ താക്കോൾസ്ഥാന പ്രസ്താവന തള്ളാഞ്ഞതാണ് ആദ്യം പറ്റിയ അബദ്ധം. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ സ്നേഹത്തിൽ വീണ് താക്കോൽ സ്ഥാനത്ത് ഇരിക്കാൻ നോക്കിയത് വിനയായി. ഒരു വിഭാഗത്തിൻ്റെ മാത്രം നേതാവാണ് ചെന്നിത്തലഎന്ന് വിമർശനമുയർന്നു.

ഇന്ന് ബിജെപി നേതാക്കളുടെ അതേ ശബ്ദത്തിൽ കേരളത്തിൻ്റെ ജനകീയ സർക്കാരിനെ താറടിക്കാൻ ശ്രമിക്കുമ്പോൾ ചെന്നിത്തലയുടെ രാഷ്ട്രീയത്തിൻ്റെ നിറമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന ഒരു രാഷ്ട്രീയ ആരോപണവും അഞ്ച് വർഷത്തിനിടെ പച്ച തൊട്ട് കണ്ടില്ല. ഉയർത്തിയ ആരോപണ ശരങ്ങൾ സ്വന്തം പാർട്ടിയുടെ മുൻ സർക്കാരുകൾക്ക് നേരെ ചെന്ന് കൊള്ളുന്ന കാഴ്ചയാണ് കണ്ടത്. രാവിലെ പത്രം വായിച്ച്, ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസംഗക്കോപ്പി ഫോട്ടോസ്റ്റാറ്റ് എടുത്ത് നടത്തിയ പത്ര സമ്മേളനത്തിൻ്റെ എച്ചുകെട്ടുകളെല്ലാം വൈകിട്ടത്തെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനങ്ങൾക്ക് മുമ്പിൽ പതറി വീണു.

വരുന്ന തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ തൈപ്പിച്ച് വെച്ച മോഹക്കുപ്പായം മുസ്ലീം ലീഗ് ഊരിയെടുത്തു. ഉമ്മൻ ചാണ്ടിയെ തിരികെ വിളിക്കാൻ കൂട്ടുകക്ഷികൾ തന്നെ തീരുമാനിച്ചു.

രണ്ട് പ്രളയങ്ങളും ഓഖിയും നിപ്പയും കൊവിഡും നേരിടാൻ കേരളത്തെ കാല് തെറ്റാതെ നടത്താൻ കരളുറപ്പോടെ സർക്കാർ മുന്നിൽ നിന്നപ്പോൾ ദുരന്ത മുഖങ്ങളിൽ പ്പോലും ഗോൾഡൺ ഒപ്പർച്യൂണിട്ടി നോക്കി നടന്നതാണ് ചെന്നിത്തലക്ക് പറ്റിയ അക്കിടി.

മുഖ്യമന്ത്രിക്കസേരയിൽ എത്താൻ കെ.എം മാണിയെ കുരിശിലേറ്റിയ ബാർ കോഴയും തിരിച്ചടിച്ചു. മധ്യ കേരളത്തിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് ഇടത് മുന്നണിയിലേക്ക് ചേക്കേറിയതാണ് ആ ഗൂഢനീക്കത്തിൻ്റെ അനന്തര ഫലമായി രാഷ്ട്രീയ കേരളം കണ്ടത്.

പ്രതിപക്ഷ നേതാവിൻ്റെ ചുമതല എന്തെന്ന് കേരളം മറന്നുപോയ അഞ്ച് വർഷങ്ങളാണ് കടന്നുപോയത്. ഒരു സർക്കാരിൻ്റെ പോരായ്മകളെ ചൂണ്ടിക്കാട്ടേണ്ടതിന് പകരം വസ്തുതയില്ലാത്ത ആരോപണങ്ങളും ക്രിയാത്മകമല്ലാത്ത ഇടപെടലുകളുമാണ് ചെന്നിത്തല നടത്തിയത്. അതിൻ്റെ തുടർച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സമ്പൂർണ പരാജയത്തിൽ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here