തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് ഒരുങ്ങി തൃത്താല മണ്ഡലം

വികസനം വലിയ ചര്‍ച്ചയാകുന്ന ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലം ശക്തമായ പോരാട്ടത്തിന് വേദിയാകും. രണ്ട് തിരഞ്ഞെടുപ്പുകളില്‍ മുന്പ് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. അതേ സമയം തുടര്‍ച്ചയായ മൂന്നാം തവണ മണ്ഡലം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് യുഡിഎഫ്.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി മണ്ഡലമായ തൃത്താലയില്‍ ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പൊന്നാനി പാര്‍ലിമെന്‍റ് മണ്ഡലത്തിലുള്‍പ്പെട്ടെ തൃത്താലയില്‍ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട് , തൃത്താല എന്നീ എട്ട് പഞ്ചായത്തുകളാണ് ഉള്‍ക്കൊള്ളുന്നത്. ഇതില്‍ നാല് വീതം പഞ്ചായത്തുകളിലാണ് എല്‍ഡിഎഫും യുഡിഎഫും ഭരിക്കുന്നത്.

1965ല്‍ മണ്ഡല രൂപീകരണം മുതല്‍ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ 7 തവണ യുഡിഎഫും 6 തവണ എല്‍ഡിഎഫുമാണ് വിജയിച്ചത്. 1991 മുതല്‍ തുടര്‍ച്ചയായി നാല് തവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലം 2011ലാണ് എല്‍ഡിഎഫിന് നഷ്ടമായത്. 2011ലും,2016ലും യുഡിഎഫിലെ വിടി ബല്‍റാം വിജയിച്ചു. ക‍ഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തൃത്താലയില്‍ എല്‍ഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്താകെ വികസന നേട്ടങ്ങളുടെ ചരിത്രമെ‍ഴുതിയ അഞ്ച് വര്‍ഷത്തില്‍ യുഡിഎഫ് എംഎല്‍എയുടെ അനാസ്ഥ മൂലം തൃത്താലയ്ക്ക് വികസനപദ്ധതികള്‍ പലതും നഷ്ടപ്പെട്ടുവെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.

പദ്ധതികള്‍ നടപ്പിലാക്കുന്പോള്‍ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ പല മേഖലകളെയും എംഎല്‍എ അവഗണിച്ചുവെന്നും ആക്ഷേപമുണ്ട്. തൃത്താലയുടെ വികസനത്തിനായി ഇത്തവണ ജനങ്ങള്‍ ഇടതുക്ഷത്തിനെ വിജയിപ്പിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

കിഫ്ബിക്കെതിരെ നിയമസഭയിലും പുറത്തും നിരന്തരം വിമര്‍ശനം മാത്രമുന്നയിക്കുന്ന വിടി ബല്‍റാം എംഎല്‍എയുടെ മണ്ഡലത്തില്‍ കിഫ്ബിയിലൂടെ 200 കോടിയോളം രൂപയുടെ പദ്ധതികളാ ണ് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കിഫ്ബി പദ്ധതികള്‍ക്കുമപ്പുറം ജനപ്രതിനിധിയെന്ന നിലയില്‍ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യമേഖലയിലെയുള്‍പ്പെടെ വികസനത്തിന് കാര്യമായ ഇടപെടല്‍ നടത്താന്‍ വിടി ബല്‍റാമിന് ക‍ഴിഞ്ഞില്ലെന്നും എല്‍ഡിഎഫ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചു കയറാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

ക‍ഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനില്‍ 12ലും ഇടതുപക്ഷമാണ് വിജയിച്ചത്. 10,000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം തൃത്താല മണ്ഡലത്തില്‍ നേടാനായത് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News