എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണ്; മനസില്‍ തൊടുന്ന വാക്കുകളുമായി നന്ദു മഹാദേവ

ക്യാന്‍സറിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് നന്ദു മഹാദേവ എന്ന യുവാവ്. പ്രതിസന്ധിയില്‍ തളരാതെ മുന്നേറിയ നന്ദുവിന്റെ ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയക്ക് സ്വന്തമാണ്.

ഇപ്പോള്‍ സീരിയല്‍ നടി സീമ ജീ നായരെ കുറിച്ച് മനസില്‍ തൊടുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നന്ദു. എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണെന്നാണ് നന്ദു പറയുന്നത്.

അത്രയും പ്രിയപ്പെട്ട ചേച്ചിയുടെ സ്‌നേഹം എങ്ങനെ വര്‍ണ്ണിക്കണം എന്നറിയില്ലെന്നും ഇത്രമേല്‍ സ്‌നേഹം അനുഭവിക്കാന്‍ ഞാനെത്ര ഭാഗ്യം ചെയ്തവനാണെന്നും നന്ദു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം:

കുറച്ചു സമയം ഞാനും ഉണ്ണിക്കണ്ണനായി മാറുകയായിരുന്നു..!
യശോദയ്ക്കും ദേവകിക്കും ഇടയിൽ സ്നേഹം കൊണ്ട് ഞാൻ വീർപ്പുമുട്ടി…!!
എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കിൽ സീമ ചേച്ചി എന്റെ വളർത്തമ്മയെ പോലെയാണ്..!
രാവിലെ എഴുന്നേറ്റ് എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് ചേച്ചിയുടെ വീട്ടിൽ നിന്നും കൊണ്ടു വന്നു..

എന്നിട്ട് യശോദ കണ്ണനെ ഊട്ടുന്നത് പോലെ അതിൽ സ്നേഹവും കൂട്ടി ഉരുളയാക്കി എനിക്ക് വാരി തന്നു..

ഇത്രമേൽ സ്നേഹം അനുഭവിക്കാൻ ഞാനെത്ര ഭാഗ്യം ചെയ്തവനാണ് എന്നോർത്തു ഭഗവാനോട് നന്ദി പറഞ്ഞ നിമിഷങ്ങൾ..!!

അത്രയും പ്രിയപ്പെട്ട ചേച്ചിയുടെ സ്നേഹം എങ്ങനെ വർണ്ണിക്കണം എന്നറിയില്ല..
പലപ്പോഴും ഞാനറിയാതെ എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി..

പുത്ര വാത്സല്യത്താൽ യശോദയുടേയും ദേവകിയുടെയും കണ്ണുകൾ നിറയുന്ന കാഴ്ച ഉണ്ണിക്കണ്ണൻ കണ്ടത് പോലെ സീമ ചേച്ചിയുടെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനും കണ്ടു..!

ഒടുവിൽ സാക്ഷാൽ ഗുരുവായൂരപ്പന് ചാർത്തുന്ന കളഭം എനിക്ക് സമ്മാനിച്ച് അതിലൊരാൽപ്പം നെറ്റിയിലും ചാർത്തി അനുഗ്രഹവും തന്ന ശേഷം ചേച്ചി മടങ്ങി..!
സത്യത്തിൽ സീമ ചേച്ചി ഒരു പ്രതീകമാണ്..

എന്നെ സ്വന്തം മകനായി സ്നേഹിക്കുന്ന , എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാടൊരുപാട് അമ്മമാരുടെ പ്രതീകം..!!

ഇത്രയും അമ്മമാരുടെയും ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സഹോദരങ്ങളുടെയും ഒക്കെ മനസ്സിലൊരു സ്ഥാനവും അവരുടെ സ്നേഹവും ലഭിക്കുന്ന ഞാനെത്ര ഭാഗ്യവാനാണ്…!!
എനിക്കെന്റെ പ്രിയപ്പെട്ടവരോടുള്ള സ്നേഹവും അനന്തമാണ്..
നിങ്ങളുടെ പ്രാർത്ഥനകൾ മുന്നോട്ടുള്ള ഇരുൾ നിറഞ്ഞ വഴികളിൽ എനിക്ക് പ്രകാശമാകും…

സസ്നേഹം
നന്ദു മഹാദേവ ❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News