ഒരു ലക്ഷം രൂപയുടെ പാൽ മറിച്ചുവിറ്റു; മിൽമയുടെ താൽക്കാലിക ജീവനക്കാരൻ അറസ്‌റ്റില്‍

മിൽമയുടെ കൊല്ലം തേവള്ളിയിലുള്ള ഡയറിയിൽ ഒരു ലക്ഷം രൂപയുടെ പാൽ മറിച്ചുവിറ്റു. സംഭവവുമായി ബന്ധപ്പെട്ട്‌ താൽക്കാലിക ജീവനക്കാരൻ അറസ്‌റ്റിലായി. നാല്‌ പാൽ വിതരണ കരാറുകാർക്കെതിരെ നടപടി.

രാമൻകുളങ്ങര കെഎസ്‌ഇബി നഗർ നന്ദനത്തിൽ രോഹിത്‌ (29) ആണ്‌ അറസ്‌റ്റിലായത്‌. രണ്ടാഴ്‌ച മുൻപ്‌ ഡയറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്‌ വൻ വെട്ടിപ്പ്‌ കണ്ടെത്തിയത്‌. പാൽ വിതരണത്തിന്‌ ഉപയോഗിക്കുന്ന ട്രേയിൽ കുറവ്‌ കണ്ടെതോടെയാണ്‌ ‌സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്‌.

രണ്ടു ദിവസങ്ങളിലായി 20 ട്രേകളുടെ കുറവാണ്‌ ആദ്യം കണ്ടെത്തിയത്‌. കാണാതായ ട്രേകൾ തേവള്ളിയിലുള്ള പാൽവിതരണ കരാറുകാരന്റെ വീട്ടിൽ നിന്ന്‌ കണ്ടെടുത്തു. ‌

കരാറുകാരനെ താൽക്കാലികമായി മാറ്റിനിർത്തി. ഉദ്യോഗസ്ഥാരുടെ പങ്കിനെക്കുറിച്ച്‌‌ അന്വേഷണം ആരംഭിച്ചു. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാലാണ്‌ ഡയറിയിൽനിന്ന്‌ വിൽപന നടത്തുന്നത്‌. ഒരു‌ ട്രേയിൽ 26 കവർ പാലാണ്‌ നിറയ്‌ക്കുന്നത്‌. പാൽ നിറച്ച കവറുകൾ എണ്ണത്തിൽ കൂടുതൽ ട്രേയിൽ കയറ്റിവിടുകയായിരുന്നു.

ട്രിപ്പ്‌ ഷീറ്റിൽ രേഖപ്പെടുത്തുന്ന എണ്ണത്തിലധികം പാൽ പ്ലാന്റിൽ നിന്ന്‌ ലോഡ്‌ ചെയ്‌തിരുന്നു. ഗേറ്റ്‌ പാസ്‌ നൽകുന്നതിനുമുമ്പ്‌ എണ്ണം പരിശോധിക്കാറുണ്ട്‌. എന്നാൽ, അധികം കവർ കണ്ടെത്തിയില്ലെന്നതിൽ ദുരൂഹതയുണ്ട്‌. കൊല്ലം വെസ്‌റ്റ്‌ പൊലീസാണ്‌ കേസെടുത്തത്‌. മിൽമ ഡയറക്ടർ ബോർഡ്‌ നിയന്ത്രണത്തിലുള്ളപ്പോഴാണ്‌ വെട്ടിപ്പ് നടന്ത്‌‌. നിലവിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌‌ ഭരണമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News