കൊച്ചി സീറ്റിനായി കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ തമ്മിലടി

എറണാകുളം ജില്ലയില്‍ കൊച്ചി സീറ്റിനായി കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ തമ്മിലടി. മുന്‍ മേയര്‍ ടോണി ചമ്മിണി സീറ്റില്‍ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി ബാഹുല്യം ശക്തമായത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും രംഗത്തുണ്ട്.

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റാണ് കൊച്ചി നിയമസഭാ മണ്ഡലം. ജില്ലയിലെ ഉറച്ച സീറ്റ് 2016ല്‍ കോണ്‍ഗ്രസിന് കൈവിടേണ്ടി വന്നു. ഡൊമിനിക് പ്രസന്‍റേഷനെയാണ് ഇടതുപക്ഷത്തിന്‍റെ കെ ജെ മാക്സി പരാജയപ്പെടുത്തിയത്. അന്ന് തുടങ്ങിയ അസ്വാരസ്യമാണ് എ ഗ്രൂപ്പിനുളളില്‍ ഇപ്പോ‍ഴും പുകയുന്നത്. മുന്‍ മേയര്‍ ടോണി ചമ്മിണി കണ്ണുംനട്ട് കാത്തിരുന്ന സീറ്റ് ഇത്തവണ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചു ക‍ഴിഞ്ഞു.

എന്നാല്‍ ടോണി ചമ്മിണിയെ വെട്ടാന്‍ കരുനീക്കങ്ങളുമായി ഡൊമിനിക് പ്രസന്‍റേഷനും രംഗത്തുണ്ട്. കൊച്ചി സീറ്റ് വനിതാ സീറ്റായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യുവിന്‍റെ പേരും നിര്‍ദേശിച്ചു ക‍ഴിഞ്ഞു. അങ്ങനെയെങ്കില്‍ മുതിര്‍ന്ന നേതാവായ ലാലി വിന്‍സെന്‍റ് മത്സരിക്കട്ടെ എന്ന നിലപാടിലാണ് ഹൈബി ഈഡന്‍.

അതിനിടെ മുന്‍ മഹിളാ നേതാവായ സിമി റോസ്ബെല്‍ ജോണ്‍ സീറ്റുറപ്പിക്കാനായി എഐസിസിയെ സമീപിച്ചിരിക്കുകയാണ്. ഇവരെയെല്ലാം വെട്ടാന്‍ ഡെല്‍ഹിയില്‍ നിന്നും പറന്നിറങ്ങിയ സ്വപ്ന പട്രോണീസ് എന്ന വനിതാ നേതാവും സീറ്റ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തില്‍ കൊച്ചി സീറ്റ് ഇത്തവണയും തമ്മിലടിയില്‍ കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രചരണം തുടങ്ങിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News