നിലപാടിലുറച്ച് എവി ഗോപിനാഥ്; ഡിസിസി പ്രസിഡണ്ടിന്‍റെ അനുനയ നീക്കവും ഫലംകണ്ടില്ല

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന പാലക്കാട്ട കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ നീക്കം വിജയിച്ചില്ല.

താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠനുമായുള്ള ചര്‍ച്ചക്ക് ശേഷം എവി ഗോപിനാഥ് പറഞ്ഞു. കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എവി ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എവി ഗോപിനാഥ് രംഗത്തെത്തി ഒന്നര ദിവസം പിന്നിട്ട ശേഷമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍ദേശ പ്രകാരം ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍ എവി ഗോപിനാഥിന്‍റെ വിട്ടീലെത്തിയത്.

ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. തന്‍റെ നിലപാടുകള്‍ വികെ ശ്രീകണ്ഠനു മുന്നിലും എവി ഗോപിനാഥ് ആവര്‍ത്തിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ചര്‍ച്ചക്ക് ശേഷം വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വികെ ശ്രീകണ്ഠനെ മുന്നില്‍ നിര്‍ത്തി എവി ഗോപിനാഥ് തുറന്നടിച്ചു.

നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്ന് പാര്‍ടി വിടുമെന്ന നിലപാടുമായി പരസ്യ വിമര്‍ശനവുമായി ക‍ഴിഞ്ഞ ദിവസമാണ് എവി ഗോപിനാഥ് രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടണമെന്നും ഇല്ലെങ്കില്‍ സ്വന്തം വ‍ഴി സ്വീകരിക്കുമെന്നാണ് എവി ഗോപിനാഥ് അനുനയ നീക്കത്തിനെത്തിയവരോടും ഫോണില്‍ ബന്ധപ്പെട്ടവരോടും അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം രംഗത്തുണ്ടാവുമെന്ന് എവി ഗോപിനാഥ് ആവര്‍ത്തിച്ചു. എവി ഗോപിനാഥിന് പിന്തുണയുമായി നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here