പാലാരിവട്ടം പാലം: ഭാരപരിശോധന പൂര്‍ത്തിയായി; നാളെ സംസ്ഥാന സര്‍ക്കാറിന് കൈമാറും

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധന പൂര്‍ത്തിയായി. രണ്ട് സ്പാനുകളിലായി 24 മണിക്കൂര്‍ നടത്തിയ ഭാര പരിശോധന ബുധനാ‍ഴ്ചയാണ് പൂര്‍ത്തിയായത്

24 മണിക്കൂർ നിരീക്ഷിച്ചശേഷം വെള്ളിയാഴ്ച റിപ്പോർട്ട് ആർബിഡിസികെയ്ക്കും (റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ ഓഫ് കേരള) സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും.

റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർബിഡിസികെയും നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകും. അനുകൂല മറുപടി ലഭിച്ചാൽ വെള്ളിയാഴ്ചതന്നെ പാലം സർക്കാരിന് കൈമാറാനാണ് കരാറുകാരുടെ തീരുമാനം.

ഇരുപത്തേഴിനാണ് ഭാരപരിശോധന ആരംഭിച്ചത്. പാലത്തിന്റെ 35, 22 മീറ്റർ നീളമുള്ള സ്പാനുകളിലാണ് ഭാരപരിശോധന നടന്നത്. ആദ്യം 35 മീറ്റർ സ്പാനിൽ പരിശോധന പൂർത്തിയായി. ഇത് വിജയിച്ചതിനുപിന്നാലെ 22 മീറ്റർ സ്പാനിലും പരിശോധന നടത്തി. ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

സർക്കാർ അനുമതിയോടെ ഈ ആഴ്ചതന്നെ പാലാരിവട്ടം പാലം തുറന്നുനൽകാനാകും. വഴിവിളക്കുകൾ സ്ഥാപിച്ചുകഴിഞ്ഞു. റീ ടാറിങ് ജോലികൾ ഏറെക്കുറെ പൂർത്തിയായി. പുനർനിർമാണജോലികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺവരെ സമയം നൽകിയിരുന്നെങ്കിലും മൂന്നുമാസംമുമ്പേ പണി തീർക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here