സീറ്റ് നിഷേധം ; വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു

സീറ്റ് നിഷേധം, വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു. സീറ്റ് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ലീഗ് നേതൃത്വം പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം വനിതാ നേതാക്കളുടെ പരസ്യ പ്രതികരണം ഉണ്ടായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന ലീഗ് ധാരണയില്‍ കടുത്ത അതൃപ്തിയിലാണ് വനിതാ നേതാക്കള്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ പേര് ഉയര്‍ന്നു വരുന്നതിനപ്പുറം യാഥാര്‍ത്ഥ്യമാകുന്നില്ല എന്നതാണ് അമര്‍ഷത്തിന് കാരണം.

സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കേണ്ട പേരുകള്‍ വനിതാ ലീഗ് നേതൃത്വം മുന്‍കൂട്ടി തന്നെ ലീഗ് നേതൃത്വത്തിന് കൈമാറിയിരുന്നു. ഈ കത്ത് പരിഗണിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്നായിരിരുന്നു വനിതാ ലീഗ് ആവശ്യപ്പെട്ടത്.

മുസ്ലീം വനിതയെ മത്സരിപ്പിക്കരുതെന്ന സമസ്ത ഇ കെ വിഭാഗം, എസ് വൈ എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം, കൂടി സീറ്റ് നിഷേധത്തിനുള്ള ആയുധമാക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

സമസ്തയെ പിണക്കാതെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനാകുമോ എന്ന ആലോചനയില്‍ വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ ലീഗ് നല്‍കിയ പട്ടിക ഒഴിവാക്കി ജയന്തിയെ പരിഗണിക്കുന്നത് കൂടുതല്‍ പ്രശ്‌നത്തിനിടയാക്കും എന്ന തിരിച്ചറിവ് ലീഗിനുണ്ട്.

25 വര്‍ഷം മുമ്പ് 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖമറുന്നിസ അന്‍വര്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ചതൊഴിച്ചാല്‍ വനിതകളാരും ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News