പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും ; ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് ഇ ശ്രീധരന്‍

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും. ഭാരപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ്, ഡിഎംആര്‍സി, പാലം സര്‍ക്കാരിന് കൈമാറുന്നത്.കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി വിസ്മയിപ്പിക്കുന്ന വേഗതയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് പാലം സന്ദര്‍ശിച്ച ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. നിശ്ചയിച്ചതിലും 3 മാസം മുന്‍പെ പാലം പുനര്‍നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കാനാവുന്നത് സര്‍ക്കാരിന് വലിയ നേട്ടമാവുകയാണ്.

ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഊരാളുങ്കല്‍ സൊസൈറ്റി പാലം പുനര്‍നിര്‍മ്മാണം തുടങ്ങിയത്. 57 ദിവസം കൊണ്ട് പാലത്തിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി. 19 സ്പാപാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗര്‍ഡറുകളുമാണ് അതിശയിപ്പിക്കുന്ന വേഗതയില്‍ പുനര്‍നിര്‍മ്മിച്ചത്.

8 മാസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കണം എന്നായിരുന്നു കരാറെങ്കിലും 5 മാസം കൊണ്ട് തന്നെ ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പാലത്തില്‍ അന്തിമ പരിശോധനക്കെത്തിയ ഡിഎംആര്‍സി മുഖ്യ ഉദേഷ്ടാവ് ഇ ശ്രീധരന്‍, നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 27 മുതലായിരുന്നു പാലത്തിന്റെ രണ്ട് സ്പാനുകളിലായി ഭാരപരിശോധന ആരംഭിച്ചത്. 220 ടണ്‍ ഭാരം കയറ്റി പരിശോധന നടത്തിയ പാലം 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം സര്‍ക്കാരിന് കൈമാറാനാണ് ഡിഎംആര്‍സി തീരുമാനം. തുടര്‍ന്ന് ആര്‍ബിഡിസികെയുടെയും പിഡബ്ല്യൂഡിയുടെയും അനുമതിയോടെ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here