അങ്കണവാടി കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്ന നടപടിയുമായി കേന്ദ്ര സർക്കാർ

അങ്കണവാടി കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നിഷേധിച്ചാണ്‌ കേന്ദ്രത്തിന്‍റെ ക്രൂരത. ജനുവരി മുതൽ മാർച്ച്‌ വരെയുള്ള വിഹിതം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ ഇതുവരെ നൽകിയിട്ടില്ല.

മൂന്നുവയസ്സ്‌‌ മുതൽ ആറ്‌‌ വരെയുള്ള കുട്ടികൾക്ക്‌ അരിയും ആറ് മാസം‌ മുതൽ മൂന്ന്‌ വയസ്സ്‌‌ വരെയുള്ളവർക്ക്‌ ന്യൂട്രിമിക്‌സ്‌ തയ്യാറാക്കാൻ ഗോതമ്പുമാണ്‌ ഫുഡ്‌കോർപറേഷൻ ഇന്ത്യ മുഖേന കേന്ദ്രം നൽകിയിരുന്നത്‌. ജനുവരി മുതൽ മാർച്ച്‌ വരെയുള്ള നാലാം പാദ വിഹിതത്തിനായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അഭ്യർത്ഥിച്ചിട്ടും കേന്ദ്രം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

2000 ടൺ ഗോതമ്പും 1800 ‌ടൺ അരിയുമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. സപ്ലിമെന്‍ററി ന്യൂട്രീഷൻ ഫണ്ടിൽ നിന്നാണ്‌ ഇതിനുള്ള പണം ചെലവഴിക്കുന്നത്‌. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതമാണ്‌ തുക വകയിരുത്തുന്നത്‌. നിശ്ചിത സമയത്ത്‌ തന്നെ സംസ്ഥാനത്തിനാവശ്യമായ അരിയുടെയും ഗോതമ്പിന്‍റെയും അളവ്‌, പണം ഉൾപ്പെടെയുള്ള വിവരം കൈമാറിയിട്ടും കേന്ദ്രം തുടർനടപടി സ്വീകരിച്ചില്ല.

ഇതോടെ കുഞ്ഞുങ്ങൾക്കുള്ള അരി, ഗോതമ്പ്‌ വിതരണത്തിൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായി‌. കൊവിഡ്‌ കാലത്ത്‌ അരിയും ഗോതമ്പും അങ്കണവാടി പ്രവർത്തകർ വഴി സംസ്ഥാനത്ത് കുട്ടികളുടെ വീട്ടിൽ എത്തിച്ചിരുന്നു.

നിലവിൽ വിതരണം മുടങ്ങാതിരിക്കാൻ ബദൽ ക്രമീകരണം സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ്‌, ജില്ലാവനിതാ ശിശുവികസന ഓഫീസർമാർക്ക്‌ നിർദേശം നൽകി. അരിവിതരണം തടസ്സപ്പെടാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും. സ്ഥാപനങ്ങളുടെ വിഹിതം ഉയർത്തി വിതരണ സാധ്യത പരിശോധിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News