ധർമ്മേന്ദ്രയെ തന്നിൽ നിന്നകറ്റുകയായിരുന്നു ലക്ഷ്യം; തുറന്നു പറഞ്ഞ് ഹേമമാലിനി

വിവാഹിതരായി നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ പ്രണയകാലത്തെ ചില അനുഭവങ്ങൾ ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു ബോളിവുഡ് താരം ഹേമമാലിനി. ഒരു സംഗീത റിയാലിറ്റി ഷോയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കവെയാണ് എൺപതുകളിലെ ഡ്രീം ഗേൾ മനസ്സ് തുറന്നത്.

ധരം ജിയെ ആദ്യമായി കണ്ട നിമിഷം മുതൽ പ്രണയം ഉടലെടുത്തിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ജീവിതം ചെലവഴിക്കാൻ താൻ രഹസ്യമായി മോഹിച്ചിരുന്നെന്നും ഹേമമാലിനി പറയുന്നു. എന്നാൽ ധർമേന്ദ്ര വിവാഹിതനായിരുന്നുവെന്നതാണ് ആഗ്രഹങ്ങളെ മനസ്സിൽ മാത്രം ഒളിപ്പിച്ചു കൊണ്ട് നടക്കാൻ ആദ്യ നാളുകളിൽ തന്നെ പ്രേരിപ്പിച്ചതെന്നും ഹേമ പറഞ്ഞു.

ധർമ്മേന്ദ്ര ഷൂട്ടിങ്ങിനിടയിൽ തന്നോടൊപ്പം സമയം ചിലവഴിക്കുന്നതിനായി അവസരങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചിരുന്നത് സെറ്റുകളിലെല്ലാം പാട്ടായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർക്കും തങ്ങളുടെ മുകളിൽ എപ്പോഴും ഒരു കണ്ണുണ്ടായിരുന്നുവെന്ന് ഹേമമാലിനി ഓർക്കുന്നു. വിവാഹിതനായ പുരുഷനുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാനായിരുന്നു അവരെല്ലാം ശ്രമിച്ചിരുന്നത്.

ഇതിനിടെ ഒന്ന് രണ്ടു ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ജിതേന്ദ്ര തന്നെ വിവാഹം കഴിക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചു. അവിവാഹിതനായ ജീതന്ദ്രക്കൊപ്പം വിവാഹം കഴിപ്പിക്കാനായിരുന്നു മാതാപിതാക്കൾക്ക് താല്പര്യമുണ്ടായിരുന്നത്.

സെറ്റിൽ തനിക്ക് കൂട്ടിനെത്തിയിരുന്നത് അമ്മയോ അമ്മായിയോ ആയിരുന്നു. എന്നാൽ ചില വേളകളിൽ അവരില്ലാത്തപ്പോൾ അച്ഛനായിരുന്നു വന്നിരുന്നത്. അപ്പോഴൊക്ക അച്ഛൻ മനപ്പൂർവ്വം വിലങ്ങുതടിയായി എത്തിയിരുന്നത് ഇന്ന് ആലോചിക്കുമ്പോൾ തമാശയായി തോന്നുന്നുവെന്ന് ഹേമമാലിനി പറയുന്നു.

അന്നൊന്നും ഇന്നത്തെ പോലെ വിശ്രമിക്കാൻ കാരവൻ ഇല്ലായിരുന്നു. പൊള്ളുന്ന വെയിലത്ത് ഔട്ട് ഡോറിൽ പാട്ടു സീനുകളെല്ലാം ചിത്രീകരിക്കുന്നതിനിടെ ഇടക്കെങ്കിലും ആശ്വാസം തേടിയിരുന്നത് ലൊക്കേഷനിലെ കാറിൽ കയറി ഇരുന്നാണ്. ഈ സമയങ്ങളിലെല്ലാം അച്ഛനും ഓടി വന്ന് തന്റെ അരികിലിരിക്കുമായിരുന്നു. എന്നാൽ ധർമ്മേന്ദ്രയും ഒട്ടും കുറവായിരുന്നില്ലെന്ന് ഹേമ മാലിനി പറയുന്നു. തൊട്ടടുത്ത് അദ്ദേഹവും ഇരുപ്പുറപ്പിക്കും. നിരവധി ചിത്രങ്ങളിൽ ജോഡിയായി അഭിനയിക്കുന്ന നായകനെ പിണക്കാൻ അച്ഛനും കഴിയുമായിരുന്നില്ല. ഹേമക്ക് അവസരങ്ങൾ നേടി കൊടുക്കുന്നതിലും ധർമ്മേന്ദ്ര വലിയ പങ്കു വഹിച്ചിരുന്നു.

കുറെ കാലത്തെ പ്രണയത്തിന് ശേഷമാണ് എതിർപ്പുകൾ അവഗണിച്ചു ഇരുവരും 1980 ൽ വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ പ്രകാഷ് കൗറിൽ നിന്നും വിവാഹ മോചനം തേടാതെയാണ് ധർമ്മേന്ദ്ര ഹേമ മാലിനിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചത്.

വിവാഹശേഷവും ധർമ്മേന്ദ്രക്കൊപ്പം മതിയായ സമയം ചെലവഴിക്കാൻ ഹേമക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഒരിക്കൽ പോലും പരാതിപ്പെടാതെ ഒതുങ്ങി കൂടുകയായിരുന്നു ഹേമമാലിനി.

ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെയും മക്കളുടെയും ജീവിതത്തിൽ ഒരിക്കൽ പോലും കടന്നുകയറ്റം നടത്താതെയുള്ള ജീവിതമായിരുന്നു ഹേമ നയിച്ചത്. ധർമ്മേന്ദ്ര ഒരുമിച്ചുള്ള പൊതുവേദികൾ പോലും ഒരു കാലത്ത് ഹേമമാലിനി മനഃപൂർവ്വം ഒഴിവാക്കിയുമായിരുന്നു. ഇഷ്ടപ്പെട്ട പുരുഷന് വേണ്ടി ഒരു ഭാര്യയുടെ സ്വപ്നങ്ങളെല്ലാം ത്യജിച്ച് സ്വകാര്യ ജീവിതം നയിച്ചിരുന്ന ഹേമയുടെ ജീവിതത്തിലേക്ക് ധർമ്മേന്ദ്രയെ കൂടുതൽ അടുപ്പിച്ചത് ഇവരുടെ മക്കളായ ഇഷയും അഹാനയുമാണ്.

കോറോണക്കാലത്ത് തന്റെ ഫാം ഹൌസിൽ വിശ്രമ ജീവിതം നയിക്കുകയാണ് ധർമ്മേന്ദ്ര. വിശേഷ ദിവസങ്ങളിൽ ഹേമമാലിനിയും മക്കളും ഇവിടെയെത്തി ഒത്തു കൂടാറുണ്ട്. പലപ്പോഴും ഇതിന്റെ ഫോട്ടോകളും ഹേമമാലിനി സോഷ്യൽ മീഡിയകളിൽ പങ്കു വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News