സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പ്രവണതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കൊവിഡ് കുറയുന്ന പ്രവണതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച, സെപ്റ്റംബര്‍ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇന്നലെയുള്ള കണക്കു പ്രകാരം കോവിഡ് രോഗികളുടെ എണ്ണം 45,995 ആണ്. സെപ്റ്റംബര്‍ 25നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗം വളരെ വേഗത്തില്‍ കുറയുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 13 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്. ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തിലധികം കുറവും വന്നിട്ടുണ്ട്.

മാര്‍ച്ച് ഒന്നു മുതല്‍ വാക്സിന്‍ രാജ്യവ്യാപകമായി കൊടുത്തുവരികയാണ്. സംസ്ഥാനത്ത് പൊതുവേ നല്ല സ്വീകാര്യതയാണ് വാക്സിനുകള്‍ക്ക് ലഭിക്കുന്നത്. ഐസിഎംആറിന്‍റെ സഹായത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അതിന്‍റെ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ലഭിക്കാന്‍ ഉണ്ടായ കാലതാമസത്തിന്‍റെ ഭാഗമായി വാക്സിനെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ അല്‍പം വിമുഖതയുണ്ടായിരുന്നു.

ഇപ്പോള്‍ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ ഇടക്കാല റിസള്‍ട്ട് ഐസിഎംആര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമനം ഫലപ്രാപ്തി ആ വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ തീവ്ര ലക്ഷണങ്ങളോടു കൂടിയ കോവിഡും, കോവിഡ് മരണങ്ങളും തടയാന്‍ ഈ വാക്സിനു സാധിക്കുമെന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

അതുകൂടാതെ ഐസിഎംആര്‍ അറിയിച്ച മറ്റൊരു കാര്യം, യുകെയിലും മറ്റുമുണ്ടായ ജനിതകവ്യതിയാനമുള്ള വൈറസുകളെ പ്രതിരോധിക്കാനും ഈ വാക്സിനു സാധിക്കുമെന്നാണ്. അതുകൊണ്ട്, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഷീല്‍ഡിനൊപ്പം കോവാക്സിനും വിമുഖത ഒഴിവാക്കി സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

ഇന്നലെ വരെ 3,47,801 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 1,31,143 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. 91,916 മുന്നണി പോരാളികള്‍ക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 30,061 അറുത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിലവില്‍ വാക്സിന്‍ സ്റ്റോക്കുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ‘കോവിന്‍’ സൈറ്റില്‍ രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേയും സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ‘കോവിന്‍’ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

തിരക്ക് കുറയ്ക്കുന്നതിന് ജില്ലകള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ അപ്പോയ്മെന്‍റ് എടുത്ത് വരുന്നവര്‍ക്കും നേരിട്ട് വരുന്നവര്‍ക്കും പ്രത്യേകമായി നിശ്ചിത എണ്ണം അനുവദിക്കും.

നേരിട്ട് വരുന്നവര്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ അനുവദിക്കും. നിലവില്‍ വാക്സിനേഷന്‍ സെന്‍ററുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സെന്‍ററുകള്‍ അനുവദിച്ചു കിട്ടിയവര്‍ അതാതു സെന്‍ററുകളില്‍ പോയി വാക്സിന്‍ എടുക്കണം. രണ്ടാമത്തെ ഡോസിനു സെന്‍ററുകള്‍ അനുവദിക്കുന്ന മുറയ്ക്ക് വീഴ്ച വരുത്താതെ അതും സ്വീകരിക്കാന്‍ ശ്രമിക്കണം- മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News