60 രൂപയ്ക്ക് പെട്രോള്‍; കുമ്മനം ജീയുടെ തന്ത്രം പുറത്ത്; വാട്ട് ആന്‍ ഐഡിയ ജീ.. പരിഹാസവുമായി മന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് 60 രൂപയ്ക്ക പെട്രോള്‍ വില്‍ക്കുമെന്ന് പറഞ്ഞ കുമ്മനം രാജശേഖരനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോള്‍ എങ്ങനെ 60 രൂപയ്ക്കു വില്‍ക്കാന്‍ പറ്റുമെന്നാണ് മന്ത്രി ചോദിക്കുന്നത്.

നമുക്കു കണക്കുനോക്കാം. ഇന്ന് 93 രൂപയാണ് പെട്രോളിന്റെ വില. അതില്‍ സംസ്ഥാന നികുതി 21 രൂപയാണ്. 93ല്‍ നിന്ന് 21 കുറച്ചാല്‍ 60 അല്ല 72 ആണ്.

അപ്പോള്‍ കുമ്മനംജി പറയുന്ന അറുപതെത്താന്‍ പിന്നെയും കുറയണം 12 രൂപ. എങ്കിലേ 60 രൂപയ്ക്ക് പെട്രോള്‍ കിട്ടൂ. അപ്പോള്‍ സംസ്ഥാന നികുതി കുറയ്ക്കുന്നതല്ല തന്ത്രം. അതെന്തായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അധികാരം കിട്ടിയാൽ ചുട്ട കോഴിയെ പറപ്പിച്ചു കളയുമെന്ന വാഗ്ദാനവും കുമ്മനം രാജശേഖരൻ കേരളത്തിനു നൽകിയാൽ അത്ഭുതമല്ല. സംസ്ഥാനത്ത് പെട്രോൾ വില അറുപതു രൂപയാക്കാൻ ശേഷിയുള്ള ആളിന് അതും കഴിയും.

ഇക്കാര്യത്തിൽ കെ സുരേന്ദ്രനും അദ്ദേഹവും തമ്മിലുള്ള ചെറിയ വിയോജിപ്പ് നാം കണക്കിലെടുക്കേണ്ടതില്ല. പെട്രോളും ഡീസലും അമ്പതു രൂപയ്ക്കു കിട്ടുമെന്നായിരുന്നല്ലോ നോട്ടുനിരോധനകാലത്ത് നാം കേട്ടിരുന്നത്. ഏതായാലും ആ വിലയ്ക്കല്ല കുമ്മനത്തിന്റെ വിൽപന. പത്തു രൂപ അധികം കൊടുക്കേണ്ടി വരും. എന്നാലും സാരമില്ല. ആ വിലയ്ക്കായാലും ലാഭമാണ്.

എന്താണീ മായാജാലത്തിന്റെ ഗുട്ടൻസ്? സംഗതി പരമരഹസ്യമാണ്. സംസ്ഥാനത്തിന്റെ നികുതി വേണ്ടെന്നു വെച്ചാണ് ഈ ലക്ഷ്യത്തിലെത്തുക എന്നൊക്കെ അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞതു വെറുതേയാണ്. അതല്ല തന്ത്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വേറെയുമുണ്ട് രാജ്യത്ത്. അവർ കോപ്പിയടിച്ചാൽ കുമ്മനംജിയുടെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടും. അതു കൊണ്ടാണ് രഹസ്യം പുറത്തു പറയാത്തത്.

അല്ലെങ്കിൽത്തന്നെ സംസ്ഥാനം നികുതി കുറച്ചാൽ പെട്രോൾ എങ്ങനെ 60 രൂപയ്ക്കു വിൽക്കാൻ പറ്റും? നമുക്കു കണക്കുനോക്കാം. ഇന്ന് 93 രൂപയാണ് പെട്രോളിന്റെ വില. അതിൽ സംസ്ഥാന നികുതി 21 രൂപയാണ്. 93ൽ നിന്ന് 21 കുറച്ചാൽ 60 അല്ല 72 ആണ്. അപ്പോൾ കുമ്മനംജി പറയുന്ന അറുപതെത്താൻ പിന്നെയും കുറയണം 12 രൂപ. എങ്കിലേ 60 രൂപയ്ക്ക് പെട്രോൾ കിട്ടൂ. അപ്പോൾ സംസ്ഥാന നികുതി കുറയ്ക്കുന്നതല്ല തന്ത്രം. അതെന്തായിരിക്കും?

പറയാം. ഇപ്പോൾ 1000 മില്ലീ ലിറ്ററാണല്ലോ ഒരു ലിറ്റർ? കേരളത്തിൽ ബിജെപിയ്ക്ക് അധികാരം കിട്ടിയാൽ 500 എംഎൽ സമം ഒരു ലിറ്റർ എന്ന് ഉത്തരവിറക്കും. രാജ്യത്തെ കറൻസി രായ്ക്കുരാമാനം അസാധുവാക്കിയവർക്ക് ഇതൊക്കെ നിസാരമാണ്. ഒരു ലിറ്റർ തികയാൻ ആയിരം മില്ലിയെന്നത് പാശ്ചാത്യരുടെ കണക്കാണെന്നും ആർഷഭാരതഗണിതം അത് അംഗീകരിക്കുന്നില്ലെന്നും ഇവിടെ ഒരു ലിറ്റർ തികയാൻ അഞ്ഞൂറു മില്ലി മതി എന്നും ഉത്തരവിൽ വിശദീകരിക്കും.

ഈ പോക്കു പോയാൽ വോട്ടെണ്ണി വരുമ്പോഴേയ്ക്കും പെട്രോൾ വില ലിറ്ററിന് 120 ആകുമല്ലോ. അപ്പോൾ 500 എംഎൽ സമം ഒരു ലിറ്റർ എന്ന ഉത്തരവു പുറപ്പെടുവിക്കാനുള്ള അധികാരം ബിജെപിയ്ക്കു കൈവരുമ്പോൾ കേരളത്തിൽ കൃത്യം 60 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ പറ്റും. വില 120 മുകളിൽ പോയാൽ എന്തു ചെയ്യുമെന്നല്ലേ അടുത്ത സംശയം. അധികാരമല്ലേ കൈയിലിരിക്കുന്നത്, 500 എംഎൽ സമം ഒരു ലിറ്റർ എന്ന സമവാക്യം തരാതരം പോലെ 300 എംഎൽ, 250 എംഎൽ എന്ന നിലയിൽ പരിഷ്കരിക്കും.

ഈ ട്രിക്ക് ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾക്ക് ഇതുവരെ കത്തിയിട്ടില്ല. നോക്കൂ. മോദിജിയുടെ സ്വന്തം അഹമ്മദാബാദിൽ 88 രൂപയ്ക്കാണ് പെട്രോൾ വിൽക്കുന്നത്. ബാംഗ്ലൂരിൽ 94.22 രൂപയ്ക്കും യോഗി ആദിത്യനാഥ് ജിയുടെ ലക്നൗവിൽ 89.30 രൂപയ്ക്കും. ഇവിടെയൊക്കെ പാവങ്ങളായ ബിജെപി പ്രവർത്തകരടക്കം തീവിലയ്ക്കു വാങ്ങുന്ന പെട്രോളാണ് നമുക്കു വേണ്ടി കുമ്മനംജി 60 രൂപയ്ക്കു വിൽക്കാൻ പോകുന്നത്.
കേരളത്തിന്റെ ഭാഗ്യം. അല്ലാതെന്തു പറയാൻ?

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here