ശ്രീ എമ്മിന്‍റെ യോഗാ സെന്‍ററിന് ഭൂമി അനുവദിക്കല്‍; തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല: മുഖ്യമന്ത്രി

ആര്‍എസ്എസുമായി നടന്നുവന്നിരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ 1980കളില്‍ തന്നെ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് എതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടാകുമെന്ന് പറയാന്‍ പറ്റുമോ? എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശ്രീ. ദിനേശ് നാരായണന്‍ എഴുതിയ  “The RSS and the Making of the Deep Nation” എന്ന പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ശ്രീ. എം ന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതൃത്വവുമായി സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ സമാധാനചര്‍ച്ചകള്‍ നടത്തി എന്ന് ചിലര്‍ പറയുന്നത്.

ഇത് ഒരു രാഷ്ട്രീയ ബാന്ധവത്തിനുള്ള ചര്‍ച്ചയാണെന്ന് ആ പുസ്തകത്തിലൊരിടത്തും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, അതേ പുസ്തകത്തില്‍ തന്നെ കോണ്‍ഗ്രസ്സും ആര്‍എസ്എസും 1980കളില്‍ നടത്തിയ ഒരു രഹസ്യ ചര്‍ച്ചയെപ്പറ്റി പറയുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് വിത്ത് പാകിയ ഒരു നടപടിക്ക് മുന്നോടിയായി നടന്ന രഹസ്യ ചര്‍ച്ചയാണത്.

പുസ്തകത്തിന്‍റെ 107-ാം പേജില്‍ നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍റ് അംഗമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കുവേണ്ടി ആര്‍എസ്എസ് മേധാവിയായിരുന്ന ബാലാസാഹിബ് ദേവരസുമായി നടത്തിയ ചര്‍ച്ചയെപ്പറ്റിയാണതില്‍ പറയുന്നത്.

അതില്‍ രാജീവ്ഗാന്ധിയുടെ ദൂതനായി പങ്കെടുത്തത് ഭാനുപ്രകാശ് സിങ് എന്ന 1970കളില്‍ കേന്ദ്ര മന്ത്രിയും പിന്നീട് ഗോവ ഗവര്‍ണ്ണറുമായ നേതാവാണ്. ആ യോഗത്തില്‍ ശ്രീ. ഭാനുപ്രകാശ് സിങ് അയോധ്യയില്‍ ശിലാന്യാസം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി തയ്യാറാണെന്ന് ബാലാസാഹിബ് ദേവരസിനെ അറിയിച്ചു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇത് ഉറപ്പിക്കാന്‍ ആര്‍എസ്എസ് നേതാവ് രാജേന്ദ്രസിങ് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ്ങിനെ ഡെല്‍ഹിയില്‍വച്ച് കണ്ടതായും പറയുന്നുണ്ട്.

ശിലാന്യാസത്തിന് അനുവാദം നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പിന്തുണ നല്‍കണമെന്ന ആവശ്യത്തെക്കുറിച്ചും ഇതേ പുസ്തകത്തിലുണ്ട്.

എന്തായാലും അതേവര്‍ഷം തന്നെ അയോധ്യയില്‍ ശിലാന്യാസം നടന്നു. പിന്നീട് നടന്നത് ചരിത്രമാണ്. അത് ഇവിടെ പറയുന്നില്ല. ആ പുസ്തകമൊന്ന് പൂര്‍ണ്ണമായി വായിച്ചാല്‍ ആര്‍എസ്എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം തുടങ്ങിയതും തുടരുന്നതും കോണ്‍ഗ്രസാണെന്ന് വ്യക്തമായി കാണാന്‍ കഴിയും.

എന്നാല്‍, ഇവിടെ നടന്നിട്ടുള്ള ചര്‍ച്ചകള്‍ മനുഷ്യന്‍റെ ജീവന്‍ സംരക്ഷിക്കാന്‍ നടത്തിയിട്ടുള്ളവയാണ്. ആരും കൊല്ലപ്പെടരുത് എന്നു കരുതുന്നതുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്.

അത്തരത്തിലുള്ള സമാധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ശ്രീ. എം കണ്ണൂരില്‍ നടത്തിയ പദയാത്രയില്‍ ഡിസിസി പ്രസിഡന്‍റ് അടക്കം പങ്കെടുത്തിട്ടില്ലേ? അക്രമം ഇല്ലാതാക്കാനും സമാധാനം ഉറപ്പുവരുത്താനും ആരുമായും ചര്‍ച്ച നടത്തുന്നതിന് ഞങ്ങള്‍ എല്ലായ്പ്പോഴും തയ്യാറായിട്ടുണ്ട്.

ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് സംഘര്‍ഷവിഷയം ചര്‍ച്ചചെയ്യുന്ന സര്‍വകക്ഷി യോഗങ്ങളിലടക്കം അഭിപ്രായമായി ഉയര്‍ന്നുവന്നത്. അതിന്‍റെയെല്ലാം തുടര്‍ച്ചയാണ് ഉഭയകഷി ചര്‍ച്ച നടന്നത്. ഉഭയകക്ഷി ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവെച്ചിട്ടില്ല. നിയമസഭയില്‍ അടക്കം ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടുള്ള കാര്യം വ്യക്തമാക്കിയിരുന്നു.

ഇവിടെ ഒറ്റ കാര്യമേ ആവര്‍ത്തിച്ചു പറയുന്നുള്ളു. തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല. കോ-ലീ-ബി സഖ്യം പോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്.

പരസ്പരം കൊല നടക്കുന്ന ഒരു ഘട്ടത്തില്‍ അത് പരസ്പര ചര്‍ച്ചയിലൂടെ പരിഹരിച്ചുകൂടെ എന്നൊരു നിര്‍ദേശം വന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും അതിനുവേണ്ട നടപടി എടുക്കണ്ടെ.

നേരത്തെ അതിനുമുമ്പുള്ള സര്‍വ്വകക്ഷിയോഗം ചേര്‍ന്നിട്ടുണ്ട്. അതിലും ഈ നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെയാണ് രണ്ടുകൂട്ടരെയും ഇരുത്തിക്കൊണ്ടുള്ള ചര്‍ച്ച നടന്നത്. അതില്‍ എം കൂടി പങ്കാളിയായിരുന്നു എന്നത് വസ്തുതയാണ്.

എം അതിന് മുന്‍കൈയും എടുത്തിരുന്നു. അദ്ദേഹം എന്‍റടുത്ത് വന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അത് പ്രായോഗികമാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ രണ്ടു കൂട്ടരുമായും ബന്ധപ്പെടാം എന്ന് അദ്ദേഹം തന്നെ പറഞ്ഞു. അങ്ങനെയൊക്കെയാണ് ആ ചര്‍ച്ച സാധിതപ്രായമാകുന്നത്.

എമ്മിനെ കുറിച്ച് ഞാന്‍ വിലയിരുത്തിയിട്ടുള്ളത് അദ്ദേഹം ഒരു സെക്കുലര്‍ ആയ സന്യാസിവര്യനാണ്, യോഗിവര്യാനാണ് എന്നാണ്. ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയുടെ വക്താവല്ല അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തെപോലുള്ള ഒരാളുമായി അസോസിയേറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News