സുരേഷ് ഗോപി പാപ്പൻ ലുക്കിൽ ; ജോഷി ചിത്രത്തിന് ഇന്ന് ആരംഭം

മലയാളത്തിന്‍റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പൻ’ മാർച്ച് അഞ്ചിനു തുടങ്ങും. ഇപ്പോഴിതാ ചിത്രത്തിലെ പാപ്പന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ ‘മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. ‘പൊറിഞ്ചു മറിയം ജോസി’ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News