കഥകളിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജുവിന്റെ അമ്മ

പ്രായം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നില്ലെന്ന സന്ദേശമാണ് മഞ്ജു വാര്യർ അഭിനയിച്ച ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രം നൽകിയത്. ഒരു യു ഡി ക്ലർക്കിന്റെ കസേരയിൽ നിന്നും രാഷ്ട്രപതി മന്ദിരത്തോളം എത്തിയ നിരുപമ രാജീവ് എത്രയോ സ്ത്രീകൾക്ക് പ്രചോദനമായൊരു കഥാപാത്രമായിരുന്നു. എന്നാൽ മഞ്ജു വാര്യർക്ക് ജീവിതത്തിൽ പ്രചോദനത്തിനായി മറ്റെവിടെയും നോക്കേണ്ടതില്ല, അമ്മ ഗിരിജ മാധവൻ തന്നെയാണ് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന വ്യക്തിയെന്ന് മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്.

“എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന, ജീവിതത്തിൽ എന്തെങ്കിലും പുതിയതായി തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തുന്ന സ്ത്രീ,” എന്നാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിച്ചത്. എഴുത്തിലേക്ക് തിരികെയെത്തിയ അമ്മയെ ഓർത്ത് അഭിമാനമുണ്ടെന്നും മഞ്ജു അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വീണ്ടും മഞ്ജുവിന് അഭിമാനവും വിസ്മയവും സമ്മാനിക്കുകയാണ് അമ്മ. ഈ ശിവരാത്രി ദിനത്തിൽ കഥകളിയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഗിരിജ മാധവൻ. ഒന്നര വർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു വരികയാണ് ഗിരിജ മാധവൻ. കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമണിഞ്ഞാണ് ഗിരിജ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

അരങ്ങേറ്റം കാണാൻ മഞ്ജുവും വേദിയിലുണ്ടാവണമെന്നാണ് ഗിരിജയുടെ ആഗ്രഹം. എന്നാൽ ഷൂട്ടിങ് തിരക്കുകളിലായ മഞ്ജുവിന് അന്നെത്താനാവുമോയെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്നും ഗിരിജ മാധവൻ പറയുന്നു. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.

ഒരർത്ഥത്തിൽ, അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News