ജോൺസൺ മാഷിന് ആദരവായി ‘വാഴ്ത്തിടുന്നിതാ’ ‘തിരികെ’യിൽ

1993-ൽ പുറത്തിറങ്ങിയ ഗാനം 28 വർഷങ്ങൾക്ക് ശേഷം റീ മാസ്റ്ററിംഗ് നടത്തി അവതരിപ്പിച്ചിരിക്കുകയാണ് അടുത്തിടെ നീസ്ട്രീമിലൂടെ സ്ട്രീമിങ് ആരംഭിച്ച ‘തിരികെ’ എന്ന സിനിമയിലൂടെ ജോർജ്ജ് കോരയും സുഹൃത്തുക്കളും

മറക്കാനാകാത്ത ഒട്ടനവധി നിത്യഹരിത ഗാനങ്ങള്‍ കാലയവനികയിൽ മറഞ്ഞ ജോൺസൺ മാഷ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് 1993-ൽ പുറത്തിറങ്ങിയ ‘സമാഗമം’ എന്ന സിനിമയിലെ ‘വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ…’എന്നു തുടങ്ങുന്ന ഗാനം. കവി ഒഎൻവി കുറുപ്പ് എഴുതി ജോൺസൺ മാഷ് ഈണമിട്ട് എസ്.ജാനകി പാടിയിരിക്കുന്നതാണ് ഗാനം. ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗാനം ഒരു മലയാള സിനിമയിൽ ജോൺസൺ മാഷിന് ആദരവായി അവതരിപ്പിച്ചിരിക്കുകയാണ്.

ഒടിടി റിലീസായി നീ സ്ട്രീമിലൂടെ സ്ട്രീമിങ് ആരംഭിച്ച ‘തിരികെ’ എന്ന സിനിമയിലാണ് ഈ പാട്ട് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജേഷ് നായരാണ് റീമാസ്റ്ററിംഗ് നിർ‍വ്വഹിച്ചിരിക്കുന്നത്. സെബു, തോമ എന്നീ രണ്ട് സഹോദരങ്ങളുടെ തീവ്രമായ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയാണ് തിരികെ.

‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യ്ക്ക് ശേഷം ജോർജ് കോരക്കൊപ്പം സാം സേവ്യറും ചേര്‍ന്ന് ഒന്നിച്ചൊരുക്കിയിരിക്കുന്നതാണ് സിനിമ. ഡൗൺ സിൻഡ്രോം ബാധിച്ച സെബുവിന്‍റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതാണ് സിനിമ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ കോഴിക്കോട് സ്വദേശിയായ ഗോപീ കൃഷ്ണനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്.

ഈ ഗാന രംഗത്തിൽ സെബുവിന്‍റേയും തോമയുടേയും കുട്ടിക്കാലമാണ് അവതരിപ്പിച്ചിരിക്കുന്നത്. എബ്രഹാം ജോസഫ്, അഞ്ജു എബ്രഹാം, ആദി, നജീം എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മനോഹരമായാണ് ഈ ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്.

നേഷൻ വെെഡ് പിക്ചേഴ്സിന്‍റെ ബാനറിൽ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സഹ നിർമ്മാതക്കൾ ഡിജോ കുര്യൻ, റോണിലാൽ ജെയിംസ്, മനു മറ്റമന, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോർജ് കോരയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News