രഹാനെയെ വീഴ്ത്തി സ്റ്റോക്സ്, ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയെ നഷ്ടമായി. 17 റൺസെടുത്ത പൂജാരയെ ലീച്ചാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ റൺസൊന്നും എടുക്കാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും മടങ്ങി. 27 റൺസെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റ് സ്റ്റോക്സ് വീഴ്ത്തിയതോടെ ഇന്ത്യൻ നില പരുങ്ങലിലാണ്. 32 റൺസുമായി രോഹിത് ശർമ്മ പുറത്താകാതെ നിൽപ്പുണ്ട്.

ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ റൺസൊന്നും നേടാതെ പുറത്തായി. 34 പന്തിൽ എട്ട് റൺസ് നേടിയ രോഹിത് ശര്‍മയും 36 പന്തിൽ 15 റൺസ് നേടിയ ചേതേശ്വർ പൂജാരയുമായിരുന്നു ക്രീസിൽ.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് ഓൾഔട്ടായിരുന്നു. 75.5 ഓവറിലാണ് ഇംഗ്ലണ്ട് 205 റൺസ് നേടി പുറത്തായത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ നാലും അശ്വിൻ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ ക്രാവ്‌ലി ഒൻപത് റൺസും സിബ്‌ലി രണ്ട് റൺസും റൂട്ട് അഞ്ച് റൺസും നേടിയാണ് പുറത്തായത്. ക്രാവ്‌ലിയെയും സിബ്‌ലിയെയും അക്ഷർ പട്ടേൽ പുറത്താക്കിയപ്പോൾ റൂട്ടിനെ സിറാജ് വീഴ്‌ത്തി. അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിനെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്. 55 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്ക് പ്രവേശിക്കാൻ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ചുരുങ്ങിയപക്ഷം സമനിലയെങ്കിലും ആക്കണം. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാൽ പോയിന്റ് പട്ടികയിൽ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലൻഡിനൊപ്പം ഓസ്ട്രേലിയ ഫൈനൽ കളിക്കുകയും ചെയ്യും. അതിനാൽ തന്നെ നാലാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News