
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്‌സൈസ് വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി.
രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം കോഴിക്കോട് ജില്ലയിലുള്ളത് 24,70,953 വോട്ടര്‍മാര്‍. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും.
തെരഞ്ഞെടുപ്പിന് 13 നിയോജക മണ്ഡലങ്ങളിലായി കോഴിക്കോട് ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിങ് ബൂത്തുകളാണ്. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് തയ്യാറാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ അധികബൂത്തുകള്‍ ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here