തൃത്താല മണ്ഡലത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. തൃത്താലയില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് സിവി ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് തവണയായി തൃത്താല മണ്ഡലത്തില്‍ എംഎല്‍എയായ വിടി ബല്‍റാമിന് പകരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്‍റുമായിരുന്ന സിവി ബാലചന്ദ്രനെ സ്ഥാനാഥര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായാണ് ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നത്.
പത്ത് വര്‍ഷം എംഎല്‍എയായിരുന്നിട്ടും തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാം കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വിമര്‍ശനമുയരുന്നതിനിടയിലാണ് ഐ ഗ്രൂപ്പിന്‍റെ യോഗം. വിടി ബല്‍റാമിന് ഇത്തവണ വിജയ സാധ്യതയില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ യോഗത്തിലെ വിലയിരുത്തല്‍.
തൃത്താലയില്‍ വിടി ബല്‍റാമിന്‍റെ പേരിന് പുറമെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സിവി ബാലചന്ദ്രന്‍റെ പേര് കൂടി കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. തൃത്താല മണ്ഡലത്തിലുള്‍പ്പെടുന്ന സിവി ബാലചന്ദ്രനെ മത്സരിപ്പിക്കാതെ ബല്‍റാമിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.
എംഎല്‍എയെന്ന നിലയില്‍ തൃത്താല മണ്ഡലത്തിന്‍റെ വികസനത്തിനാവശ്യമായ ഇടപെടലുകള്‍ നടത്താത്തതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമായിരിക്കെ പാര്‍ടിക്കകത്തു നിന്നും വിടി ബല്‍റാമിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ തൃത്താലയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here