മുംബൈയിൽ 73 കാരനെ കബളിപ്പിച്ച് 1.3 കോടി തട്ടിയെടുത്ത് ബാങ്ക് ജീവനക്കാരി മുങ്ങി

ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് 73 കാരനായ ഇടപാടുകാരനുമായി ചങ്ങാത്തം കൂടി 1.3 കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങിയത്. മുതിർന്ന പൗരൻ പോലീസിന് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് യുവതിക്കായി തിരച്ചിൽ ആരംഭിച്ചിരിക്കയാണ്.

മാൽവാനി നിവാസിയായ പരാതിക്കാരൻ ജെറോൺ ജോൺ ഡിസൂസയാണ് ബാങ്ക് ജീവനക്കാരിയായ ശാലിനി സിംഗ് എന്ന സ്ത്രീ കബളിപ്പിച്ച കഥ പോലീസിനോട് പറയുന്നത്. ശാലിനി ജോലി ചെയ്തിരുന്ന ബാങ്കിലെ ഇടപാടുകാരനായ ഡിസൂസയുമായി ഇവർ ചങ്ങാത്തം കൂടിയത് ചതിക്കുഴി ഒരുക്കിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് കോടികൾ കൈമാറിയതിന് ശേഷമായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയ ശേഷമാണ് 1.3 കോടിയോളം തട്ടിയെടുത്തതെന്നും ഡിസൂസ പറഞ്ഞു. കഥയിങ്ങനെ….

സാന്താക്രൂസിലെ വിമാനത്താവളത്തിനടുത്തുള്ള തന്റെ പിതാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം 2010 ൽ ഒരു കെട്ടിട നിർമ്മാതാവിന് വിറ്റതായും വിൽപ്പന വിലയുടെ 20% ലഭിച്ചതായും ഡിസൂസ പറയുന്നു. ഇത് 2 കോടി രൂപയായിരുന്നു. ഈ തുക വിവിധ ബാങ്കുകളിലായി സ്ഥിര നിക്ഷേപം നടത്തുവാൻ തീരുമാനിച്ചു. അങ്ങിനെയാണ് അന്ധേരിയിലെ സ്വകാര്യ ബാങ്കുമായി ഇടപാട് നടത്തുന്നതിനിടയിൽ ജീവനക്കാരിയായ ശാലിനിയുമായി പരിചയത്തിലാകുന്നത്.

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വഴി 2019 ൽ ഡിസൂസക്ക് വലിയ തുക ലഭിച്ചിരുന്നു. നിക്ഷേപങ്ങളിലൂടെ മികച്ച നേട്ടമുണ്ടാക്കുന്ന ഉപദേശങ്ങൾ നൽകിയാണ് ശാലിനി സിംഗ് ഡിസൂസയുമായി കൂടുതൽ അടുക്കുന്നത്. സാമ്പത്തിക നേട്ടം ലഭിക്കുന്ന സൗജന്യ ടിപ്പുകൾ സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു. ഇതോടെ ഇരുവരും റെസ്റ്റോറന്റുകളിൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ഒത്തുകൂടാൻ തുടങ്ങി. ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശാലിനി ഡിസൂസയോട് വിവാഹം കഴിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്. ജീവിത സായാഹ്നത്തിൽ ഒരു കൂട്ട് കിട്ടുന്നതിൽ സന്തോഷിച്ച ഡിസൂസ കുറച്ചു നാളായി പരിചയമുള്ള ബാങ്ക് ഉദ്യോഗസ്ഥയുടെ വിവാഹ വാഗ്ദാനം രണ്ടാമതൊന്ന് ചിന്തിക്കാതെ സ്വീകരിക്കുകയായിരുന്നു.

വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ തുടർന്നുള്ള കൂടിക്കാഴ്ചകളിൽ സമയം ചെലവഴിച്ചിരുന്നത് ഭാവി പരിപാടികളെ കുറിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലായിരുന്നു. അങ്ങിനെയാണ് കൈയ്യിലുള്ള പണം ഉപയോഗിച്ച് ഒരു ബിസിനസ്സ് സംരംഭം തുടങ്ങി കൂടുതൽ ലാഭം കൊയ്യാമെന്ന് ശാലിനി ഡിസൂസയെ വിശ്വസിപ്പിക്കുന്നത്. ലാഭവിഹിതം മാത്രമായിരുന്നു ശാലിനി ആവശ്യപ്പെട്ട പ്രതിഫലം.

ബിസിനസ്സ് സംരംഭം തുടങ്ങാമെന്നും ലാഭം വിഭജിക്കാമെന്നുമുള്ള ധാരണയിൽ ഇതിനായുള്ള മുതൽമുടക്ക് ഡിസൂസ യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറി. സ്ഥലമിടപാടിലൂടെ ലഭിച്ചതിൽ നിന്നുള്ള 1.30 കോടി രൂപയാണ് കൂട്ടു കച്ചവടം നടത്താനായി യുവതിക്ക് നൽകിയത്.

പണമിടപാട് പൂർത്തിയായതോടെ യുവതിയുടെ തനിനിറം പുറത്തായി. പിന്നീട് യുവതിയെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം തിരക്ക് അഭിനയിച്ചു ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ഡിസൂസ പറയുന്നു. തുടർന്ന് ഇയാളുടെ ഫോൺ കോളുകൾക്കും മറുപടിയില്ലാതായി.

താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് ഡിസൂസ അന്ധേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ശാലിനി സിംഗ് ജോലി ചെയ്തിരുന്ന ബാങ്കും അന്ധേരി പോലീസിന്റെ അന്വേഷണ പരിധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News