ഓര്‍മ്മയില്‍ 5 വര്‍ഷം

അസാധ്യമായ ചില ജീവിതങ്ങളുണ്ട്. മറ്റാര്‍ക്കും പകരമാവാന്‍ കഴിയാത്ത ജീവിതം ജീവിച്ച്, അകാലത്തില്‍ മറഞ്ഞിട്ടും തെളിമയോടെ നില്‍ക്കുന്ന അനന്യസാധാരണ വ്യക്തിത്വങ്ങള്‍. വിസ്മൃതിയിലേക്ക് വിട്ടുകൊടുക്കാതെ കാലം അവരെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. മറ്റുള്ളവര്‍ പകച്ചു നില്‍ക്കുന്ന ചിലയിടങ്ങളില്‍, അയാളിപ്പോള്‍ ഉണ്ടായിരുന്നെങ്കില്ലെന്ന് നഷ്ടബോധത്തോടെ നമ്മളവരെ ഓര്‍ക്കും. അത്തരമൊരു വിങ്ങലും നഷ്ടബോധവുമാണ് മലയാളിക്ക് കലാഭവന്‍ മണി.

ചാലക്കുടിയിലേക്ക് പ്രളയം ഇരച്ചെത്തി ഭീതി പടര്‍ത്തിയപ്പോള്‍ അന്തരീക്ഷത്തിലും ചാലക്കുടിക്കാരടക്കമുള്ള മലയാളികള്‍ ഓര്‍ത്തത് അയാളെയാണ്. മണി ഉണ്ടായിരുന്നെങ്കില്‍, കഴുത്തോളം മൂടിയ ആ വെള്ളക്കെട്ടിനു മുകളിലൂടെ തങ്ങള്‍ക്ക് നേരെ നീളുന്ന ആദ്യത്തെ സഹായഹസ്തം മണിയുടേതാകുമെന്ന് ആ ചാലക്കുടിക്കാര്‍ക്ക് അത്രയ്ക്കും ഉറപ്പുണ്ടായിരുന്നിരിക്കണം. വാക്കുകള്‍ കൊണ്ടോ ഉഗ്രന്‍ പ്രസംഗങ്ങള്‍കൊണ്ടോ അയാള്‍ ഉണ്ടാക്കിയെടുത്തതല്ല അത്. മറിച്ച് മണ്ണിലേക്കിറങ്ങി, ഒരു നാടിനെ മൊത്തം എന്നും ചേര്‍ത്തു പിടിച്ച് ഒരായുഷ്‌കാല പ്രവൃത്തികളിലൂടെ, കലാഭവന്‍ മണിയെന്ന പച്ചമനുഷ്യന്‍ ഒരു ജനതയ്ക്ക് നല്‍കിയ വിശ്വാസമാണത്.

സിനിമ പോലൊരു ജീവിതം
അലങ്കാരങ്ങളോ തൊങ്ങലുകളോ ഇല്ലാതെ ‘ലളിതസുന്ദര’മായി കലാഭവന്‍ മണി ജീവിച്ചു തീര്‍ത്ത ആ ജീവിതം അത്രയും ലളിതമായിരുന്നില്ലെന്ന് മനസ്സിലാവുക, ഒരു 360 ഡിഗ്രിയില്‍ നിന്ന്? ആ ജീവിതത്തെ വീക്ഷിക്കുമ്പോള്‍ മാത്രമാണ്. സിനിമയേക്കാള്‍ സിനിമാറ്റിക് ആയ അനുഭവ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആ ജീവിതം.

ദാരിദ്ര്യത്തില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവ്. നാടന്‍ പാട്ടെന്നത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവന്‍. ചുറ്റുവട്ടങ്ങള്‍ നിരീക്ഷിച്ച് അവന്‍ സ്വായത്തമാക്കിയ അനുകരണമെന്ന കല. പഠനത്തില്‍ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാര്‍ത്ഥി. പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരന്‍. എന്നാല്‍, പട്ടിണിയ്ക്കും പരിവട്ടങ്ങള്‍ക്കുമൊപ്പം വളരുമ്പോഴും കെടാത്ത അഗ്‌നിപോലെ മനസ്സില്‍ കലയോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ചവന്‍. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്‌സ് ട്രൂപ്പിലെത്തിച്ചത്.

1995-ല്‍ സിബി മലയില്‍ ‘അക്ഷര’ മെന്ന ചിത്രത്തിലേക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്യാന്‍ ക്ഷണിക്കുമ്പോള്‍ അതാ ചെറുപ്പക്കാരന് മുന്നിലെ മിന്നാമിന്നി വെളിച്ചമാകുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ‘സല്ലാപ’ത്തിലെ ചെത്തുകാരനായി വീണ്ടും അവസരം അയാളെ തേടിയെത്തി. വഴിവക്കില്‍ നിന്നു നായികയെ കമന്റടിക്കുന്ന വെറുമൊരു പൂവാലനായി എവിടെയും രേഖപ്പെടുത്താതെ പോകുമായിരുന്ന ആ കഥാപാത്രത്തിന് പക്ഷേ മണി തന്റെ ആത്മാവു തന്നെ നല്‍കി. നായികയെ നോക്കി ‘മുന്‍കോപക്കാരി മുഖം മറയ്ക്കും നിന്റെ മനസൊരു മുല്ലപ്പൂങ്കാവോ…’ എന്നു പാടി അഭിനയിച്ച ആ ചെത്തുകാരന്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യമായി പതിഞ്ഞ സീനുകളിലൊന്നായിരുന്നു അത്.

സൗന്ദര്യത്തിനു പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക് പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എര്‍ത്തോ വീട്ടുവേലക്കാരനോ പാല്‍കാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകള്‍ മാത്രമായിരുന്നു ആ ചെറുപ്പക്കാരനു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതസിദ്ധമായ നര്‍മ്മവും നാടന്‍പാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങള്‍ക്ക് കലാഭവന്‍ മണി ജീവന്‍ പകര്‍ന്നപ്പോള്‍ മലയാളികളുടെ സ്‌നേഹം നേടിയെടുക്കാന്‍ ആ കലാകാരനു കഴിഞ്ഞു. പ്രത്യേക താളത്തിലുള്ള ആ ചിരി മണിയെ ആബാലവൃദ്ധം ജനങ്ങള്‍ക്കും പരിചിതനാക്കി.

വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം നിരവധി ചിത്രങ്ങളില്‍ തിളങ്ങി, ഒടുവില്‍ നായക പദവിയിലേക്കും ഉയര്‍ന്നു. മലയാള സിനിമയില്‍ പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു ആ ചാലക്കുടിക്കാരന്റെ നിയോഗമെന്ന് കാലം പിന്നീട് കാണിച്ചു തന്നു. ജീവിതം തരാതെ പോയ സൗഭാഗ്യങ്ങളെല്ലാം അയാള്‍ പൊരുതി നേടി.

ജീവിതം തന്നെയായിരുന്നു മണി എന്ന കലാകാരനു മുന്നിലെ പാഠപുസ്തകം. ചുറ്റുമുള്ള ലോകത്തോട് അത്രമേല്‍ അടുത്തു ജീവിച്ച മണിയ്ക്ക് അനായാസേന കഥാപാത്രങ്ങളിലേക്ക് കൂടു മാറാന്‍ കഴിഞ്ഞു. തന്നിലെ നടന് വെല്ലുവിളിയാകുന്ന എതു വേഷവും വലിപ്പച്ചെറുപ്പമില്ലാതെ അയാള്‍ ഏറ്റെടുത്തു. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്,കന്നട സിനിമകളിലേക്കും മണിയെന്ന പ്രതിഭ വളര്‍ന്നു. പകരക്കാരില്ലാത്ത സാന്നിധ്യമായി അയാള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെയും അമ്പരിപ്പിച്ചു. 30 ന് അടുത്ത് തമിഴ് ചിത്രങ്ങളിലാണ് മണി അഭിനയിച്ചത്. കമലഹാസന്‍, രജനീകാന്ത്, ഐശ്വര്യാറായ്, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം ഒന്നിച്ചഭിനയിക്കാന്‍ മണിക്ക് സാധിച്ചു. രണ്ടര പതിറ്റാണ്ടു നീണ്ട തന്റെ അഭിനയ സപര്യയ്ക്കിടെ 260 ലേറെ സിനിമകളിലാണ് കലാഭവന്‍മണി അഭിനയിച്ചത്.

ജീവിതത്തിലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും യുഗം അവസാനിച്ചിട്ടും കലാഭവന്‍ മണിയെന്ന ചാലക്കുടിക്കാരന്‍ ‘ദന്തഗോപുര’ങ്ങളിലേക്ക് താമസം മാറിയില്ല. ഷൂട്ടിംഗ് തിരക്കുകളൊഴിയുമ്പോഴെല്ലാം അയാള്‍ കാവിമുണ്ട് ഉടുത്ത് ഓട്ടോ ഡ്രൈവറായി ചാലക്കുടിയുടെ നിരത്തുകളിലേക്ക് ഇറങ്ങി. തീ പുകയാത്ത കുടിലുകള്‍ക്ക് അയാള്‍ അന്നദാതാവായി, പഠിക്കാന്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പഠനം ഏറ്റെടുത്തു. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നും ചികിത്സയുമെത്തിച്ചു. വായനശാല, സ്‌കൂള്‍ ബസ്, ഓണത്തിനും ക്രിസ്മസിനും 150 കുടുംബങ്ങള്‍ക്ക് 5 കിലോ സൗജന്യ അരി, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള സഹായം എന്നു തുടങ്ങി നിരവധി നന്മ നിറഞ്ഞ പ്രവൃത്തികളിലൂടെ ചാലക്കുടിയ്ക്ക് മുകളില്‍ ഒരു വലിയ നന്മമരം പോലെ അയാള്‍ പടര്‍ന്നു പന്തലിച്ചു. ചാലക്കുടികാര്‍ക്ക് മാത്രമല്ല, സഹായമഭ്യര്‍ത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയെല്ലാം കേള്‍ക്കാന്‍ അയാള്‍ക്കെപ്പോഴും ചെവികളുണ്ടായിരുന്നു. ചാലക്കുടിയിലെ ‘മണികൂടാരം’ എന്ന വീട് പലരുടെയും ജീവിതത്തിലെ ശേഷിക്കുന്ന ഏക പ്രതീക്ഷയായി മാറിയത് അങ്ങനെയാണ്. ഒടുവില്‍, പാതിവഴിയിലെവിടെയോ മുറിഞ്ഞു പോയ ഒരു നാടന്‍ പാട്ടു പോലെ ജീവിതത്തില്‍ നിന്ന് ആ മനുഷ്യന്‍ മടങ്ങിയപ്പോള്‍ ചാലക്കുടി അക്ഷരാര്‍ത്ഥത്തിലൊരു ജനസാഗരമായിമാറി.

മറന്നു പോവാന്‍ പാടില്ലാത്തൊരു നന്മയെന്ന പോലെ കലാഭവന്‍ മണി ഇപ്പോഴും ഓര്‍മ്മിപ്പിക്കപ്പെടുന്നുണ്ട് എവിടെയൊക്കെയോ. ആ ഓര്‍മകളെ രേഖപ്പെടുത്താനാണ് മണിയുടെ ജീവിതത്തെ കുറിച്ചൊരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയിലൂടെ വിനയനും ശ്രമിച്ചത്. ഒരര്‍ത്ഥത്തില്‍ അത്തരം രേഖപ്പെടുത്തലുകള്‍ കാലത്തിന്റെ അനിവാര്യതയാണ്! അല്ലെങ്കില്‍, മനുഷ്യന്‍ തന്നിലേക്കൊതുങ്ങിയൊതുങ്ങി ഒറ്റപ്പെട്ട തുരുത്തുകളാകുന്ന ഒരു കാലത്ത് ‘കലാഭവന്‍ മണി’ എന്നത് ഒരു കെട്ടുകഥയായി വരും തലമുറയ്ക്ക് തോന്നിയേക്കാം! അസാധ്യമായ ജീവിതം ജീവിച്ചു കടന്നു പോകുന്നവര്‍ക്കു മുന്നിലെല്ലാം എക്കാലവും ഓര്‍മ്മയുടെയും മറവിയുടെയും രണ്ടു വഴികളാണുള്ളത്. കാരണം, ഓര്‍മ പോലെ തന്നെയുള്ളൊരു സാധ്യതയാണ് വിസ്മൃതിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News