ഈ ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ദാമോദർജി പറഞ്ഞതുപോലെയാണ് കസ്റ്റംസിന്റെ കാര്യം; കസ്റ്റംസിനെതിരെ ധനമന്ത്രി തോമസ് ഐസക്

ലാവ്‌ലിന്‍ കാലത്ത് കേരളം കണ്ടുമടുത്ത അതേ തിരക്കഥയ്‌ക്കൊപ്പിച്ച് തന്നെയാണ് കസ്റ്റംസ് സര്‍ക്കാരിനെതിരെ ഇപ്പോഴും നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളു, ഇത്രയും ഉളുപ്പില്ലായ്മ ഞാന്‍ ലാവ്‌ലിന്‍ കാലത്തേ കണ്ടിട്ടുള്ളൂവെന്ന് മന്ത്രി പരിഹസിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഈ ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ദാമോദർജി പറഞ്ഞതുപോലെയാണ് കസ്റ്റംസിന്റെ കാര്യം. ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തുള്ളിത്തുളുമ്പുന്ന ഉളുപ്പില്ലായ്മ നാം ലാവലിൻ കേസിന്റെ കാര്യത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നീട്ടിപ്പരത്തി വിശദീകരിച്ച ശേഷം സത്യവാങ്മൂലത്തിൽ കസ്റ്റംസ് പറയുന്നു… ഇതൊക്കെ സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണ്, തെളിവു നൽകാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണ്. എന്നുവെച്ചാൽ അന്വേഷണ ഏജൻസിയുടെ കൈയിൽ ഒരു തെളിവുമില്ല.

സമാനമായ രംഗം ലാവലിൻ വിവാദ നാടകത്തിലുണ്ട്. ഭയങ്കരമായ വെളിപ്പെടുത്തലുകളുമായിട്ടായിരുന്നല്ലോ അന്ന് ആരോപണ കർത്താവ് പത്രസമ്മേളനങ്ങൾ നടത്തിയതും കൃത്യമായ ഇടവേളകളിൽ സിബിഐയ്ക്ക് പരാതി നൽകിയതും. അങ്ങനെ മൊഴിയെടുക്കാൻ ആരോപണ കർത്താവിനെ അന്വേഷണ സംഘം വിളിപ്പിച്ചു. കോടതിരേഖകളുടെ ഭാഗമായ 2008 ഡിസംബർ അഞ്ചിന്റെ മൊഴിയിൽ ഇങ്ങനെയൊരു ഡയലോഗുണ്ട്; നൽകിയ മൊഴിയിൽ ഇങ്ങനെ പറയുന്നു… Being specifically asked, I say that, I don’t have any evidence with me to point towards the said allegations.

ആരോപണങ്ങളിലേയ്ക്ക് ചൂണ്ടാൻ പോലും പിണ്ണാക്കിന്റെ തരിയോ, വൈക്കോലിന്റെ തുരുമ്പോ തന്റെ പക്കൽ ഇല്ലെന്ന് ആരോപണ കർത്താവ് തന്നെയാണ് അന്വേഷണ ഏജൻസികളോട് പറഞ്ഞത്. എന്നിട്ടും പത്രങ്ങളിൽ തലക്കെട്ടും ചാനലുകളിൽ ഘോരഘോരം ചർച്ചയും നടന്നു. ഒന്നും രണ്ടും മാസമോ വർഷമോ അല്ല. പത്തുപന്ത്രണ്ടു കൊല്ലം. എന്നിട്ടെന്തായി?
അന്ന് ആരോപണത്തിന് തെളിവില്ലെന്ന് ആരോപണ കർത്താവു തന്നെ ഏറ്റു പറഞ്ഞത് കോടതിരേഖകളുടെ ഭാഗമായി. ഇന്നോ, പ്രതി പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ പ്രതിയ്ക്കു മാത്രമേ അറിയൂ എന്ന് അന്വേഷണ ഏജൻസി കോടതിയിൽ കൈമലർത്തു. അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. മൊഴിയെഴുതിയ ഷീറ്റുകളിൽ ഒപ്പിടുക എന്നതല്ലാതെ.

കസ്റ്റംസിലെ ഏമാന്മാരേ, കേരളം കണ്ടു മടുത്ത ഒരു തിരക്കഥയിലെ രംഗങ്ങളാണ് നിങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതു കൊലകൊമ്പൻ സംവിധാനം ചെയ്താലും തിരക്കഥ ആവർത്തനവിരസമാണെങ്കിൽ പടം എട്ടു നിലയിൽ പൊട്ടും. അതുകൊണ്ടാണ് നിങ്ങളിന്നലെ കളിച്ച കളി, മോണിംഗ്ഷോ തീരും മുമ്പേ പൊളിഞ്ഞുപോയത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളെ സാധൂകരിക്കാൻ മൊഴികൾ കെട്ടിച്ചമച്ചുണ്ടാക്കി ലാവലിൻ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അവസ്ഥയും കസ്റ്റംസ് പഠിക്കണം. തലയ്ക്കു വെളിവുള്ളവർക്ക് ഒരിക്കലും വിശ്വസിക്കാനാവാത്ത നിഗമനങ്ങളുമായി കേസു നടത്താൻ പ്രോസിക്യൂഷനെ അനുവദിക്കാനവില്ലെന്ന് നിരീക്ഷിച്ചാണ് ആ കുറ്റപത്രം കോടതി ചവറ്റുകുട്ടയിലിട്ടത്. ഡോളർ കേസിൽ കസ്റ്റംസ് ചമച്ചുണ്ടാക്കിയ മൊഴിയുടെ സ്ഥാനവും അവിടെത്തന്നെയാണ്.

ഇത് കേരളമാണ് എന്ന് നിങ്ങളെ ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ടി വരുന്നതിൽ ഞങ്ങൾക്കും ചെടിപ്പുണ്ട്. പക്ഷേ, പറയാതെ വയ്യല്ലോ. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസും ഭീഷണിയും വരുമ്പോൾ മുട്ടിലിഴഞ്ഞ് കൂറു മാറുന്ന കോൺഗ്രസുകാരെപ്പോലെയല്ല ഇടതുപക്ഷം. കള്ളപ്പണവും ബിനാമി ഇടപാടുകളുമായി ഒളിക്കാനും മറയ്ക്കാനും ഒരുപാടുള്ളതുകൊണ്ടാണ് അവർ നിങ്ങളെ ഭയപ്പെടുന്നത്. മറുത്തൊരക്ഷരം പറയാതെ, നിങ്ങളുടെ ചൂണ്ടുവിരലിനെ പിന്തുടർന്ന് ബിജെപിയുടെ തൊഴുത്തിലേയ്ക്ക് നടക്കുന്നത്. ആ ഗണത്തിലൊന്നും ഉൾപ്പെടുന്നവരല്ല ഞങ്ങൾ. വ്യാജമൊഴിയുമായി കോടതികളിലേയ്ക്കോടുമ്പോൾ അതോർമ്മ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News