മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊ‍ഴി ഭീഷണിപ്പെടുത്തി പറയിച്ചതാവാം; ഇതുവരെയില്ലാത്ത മൊ‍ഴി ഇപ്പോള്‍ പുറത്തുവന്നതിലും ദുരൂഹതയെന്ന് എംഎ ബേബി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായി സ്വപ്നാ സുരേഷ് നല്‍കിയെന്ന് പറയുന്ന മൊ‍ഴി സ്വപ്നയെ ഭീഷണിപ്പെടുത്തി പറയിച്ച മൊ‍ഴിയായിരിക്കാമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

സ്വന്തം മകളുടെ പേരിലും സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാമെന്നും എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിന് മുന്നിലെ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

32 ദിവസത്തിലേറെയായി എന്‍ഫോ‍ഴ്സ്മെന്‍റും കസ്റ്റംസും എന്‍ഐഎയും ഉള്‍പ്പെടുന്ന കേന്ദ്ര അന്വേഷണ സംഘം സ്വപ്നയെ മാറിമാറി ചോദ്യം ചെയ്യുകയാണ് അപ്പോ‍ഴൊന്നും പുറത്തുവരാത്തൊരു മൊ‍ഴി ഇപ്പോള്‍ ഈ തൊരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന സുരേഷിന്‍റെ മൊ‍ഴി തളിയിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്വം സ്വപ്നയ്ക്ക് മാത്രമാണെന്ന് അഫിഡവിറ്റില്‍ തന്നെ കസ്റ്റംസ് പറയുക വ‍ഴി കസ്റ്റംസിന് പോലും ഇത്തരമൊരു മൊ‍ഴിയുടെ നിയമ സാധുതയെ കുറിച്ചുള്ള വിശ്വാസ്യതയെത്രയെന്നത് മനസിലാക്കാവുന്നതാണ്.

പിണറായി വിജയന്‍ പാരച്യൂട്ടില്‍ വന്നിറങ്ങിയ ആളല്ല. അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന ആളാണെന്നും കേരളത്തിന്‍ കണ്‍മുന്നില്‍ കിടന്നാണ് അദ്ദേഹം വളര്‍ന്നതെന്നും എംഎ ബേബി പറഞ്ഞു. എന്‍ഡിഎഫിനെതിരെ പറയുന്ന കാര്യത്തില്‍ സംഘപരിവാറിന്‍റെ പിന്‍പാട്ടുകാരായി കോണ്‍ഗ്രസ് മാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസിനെ മുന്‍നിര്‍ത്തി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച് കസ്റ്റംസ് ഓഫീസിനു മുന്നില്‍ ധര്‍ണ ഇരുന്നു.

കൊച്ചിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎല്‍എ, കെ ചന്ദ്രനപ്പിള്ള എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് നടന്ന മാര്‍ച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലെ കസ്റ്റംസ് സത്യവാങ്ങ് മൂലമെന്ന് പി മോഹനന്‍ പറഞ്ഞു. മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here