അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ റോഡപകടത്തിൽ മരിച്ചു

അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ പിതാവ് മോഹൻദാസ് റോഡപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തിൽപ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്. പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകളുണ്ട്

കാലടി സര്‍വകലാശായിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്നു മഞ്ജുഷ. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ശിഷ്യയായിരുന്ന മഞ്ജുഷ. പ്രിയ ശിഷ്യയുടെ വിയോഗത്തെ തുടർന്ന് രാമകൃഷ്ണൻ ഒരു ഫേസ്ബുക് പോസ്റ്റ് കുറിച്ചിരുന്നു:

“പ്രിയശിഷ്യ മഞ്ജുഷ ഓര്‍മ്മയായി. എനിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ‌ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷയെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസില്‍ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങള്‍ ദൈവം നമ്മളെകൊണ്ട് മുന്‍കൂട്ടി ചെയ്യിക്കും എന്നതു പോലെ. കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാന്‍ എം.എ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ മഞ്ജുഷ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികള്‍ എല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവര്‍ക്കായി ഞാന്‍ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മന്‍ തമ്പി രചിച്ച ‘ഏഹി ഗോപാലകൃഷ്ണ’ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു…

പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഞാന്‍ ഈ പദം ചെയ്‌തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സില്‍ മായാതെ വേദനയോടെ നില്‍ക്കുന്നു. അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ. അതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേര്‍പാട് ഞങ്ങള്‍ ഗുരുക്കന്‍ന്മാര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയുണ്ടാക്കുന്നു …. വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here