ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മനോനില കേന്ദ്ര ഏജന്‍സികള്‍ കടമെടുക്കുന്നു

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മനോനില കേന്ദ്ര ഏജന്‍സികള്‍ കടമെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തെരഞ്ഞെടുപ്പ് പ്രചരണം സ്വയം ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെന്നും മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

തെരഞ്ഞെടുപ്പ് അടുത്തതോടെ ഏജന്‍സികളുടെ ആക്രമോത്സുകതയ്ക്ക് ആക്കം കൂടി. അതിന്റെ ഉടുവിലത്തെ ഉദാഹരണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും.

വികസന ബദലുയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്രഏജന്‍സികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കസ്റ്റംസ് കമീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണ്.

കഴിഞ്ഞ നവംബറില്‍ ക്രിമിനല്‍ നിയമത്തിന്റെ 164-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്വാങ്മൂലം നല്‍കിയത്. എന്നാല്‍ കേസിലെ വിഷയം വേറെയാണ്. ജയില്‍ ഡിജിപി ഫയല്‍ ചെയ്ത ഹര്‍ജിയാണത്. അതിന്മേലാണ് കുറേയെറെ പേരുകളും സ്ഥാനങ്ങളുമൊക്കെ എഴുതിച്ചേര്‍ത്ത് കസ്റ്റംസ് കമീഷണര്‍ പ്രസാതവ നല്‍കുന്നത്.

ഈ കേസിലാണെങ്കില്‍ കസ്റ്റംസ് കമീഷണര്‍ എതിര്‍കക്ഷിപോലുമല്ല. സ്വപ്‌ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് സുപ്രണ്ടുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷി അല്ലാത്തഒരാള്‍ കോടതിയില്‍ ഇത്തരം പ്രസ്താവനകള്‍ നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

ജൂലൈ മുതല്‍ വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്‌ന സുരേഷ്. ഇതില്‍ ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണമെന്താകും? അത് ഈ പ്രസ്താവന കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കസ്റ്റംസും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരും പുറത്തുപറയാന്‍ തയ്യാറാകണം.

വകുപ്പ് 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നടത്തുന്ന പ്രസ്താവന സാധാരണ നിലയില്‍ അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളൂ. അന്വേഷണം ഏജന്‍സി പ്രത്യക്ഷമായോ പരോക്ഷമായോ ചട്ടം 164 പ്രകാരം ഒരുവ്യക്തി നല്‍കുന്ന പ്രസ്താവന വെളിപ്പെടുത്തരുത് എന്ന് കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

നിയമവശം ഇങ്ങനെയായിരിക്കെ കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമീഷണര്‍ മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. അതിനായി കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജന്‍സികള്‍ മുതലെടുക്കുകയാണ്. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തി എന്തെങ്കിലും പറയിച്ചാല്‍ അത് തെളിവുകളുടെ പിന്‍ബലമില്ലാതെ മുന്‍പോട്ടുനീക്കാനാകാതെ വരും. കേസിനെ പ്രതികൂലമായും ബാധിക്കും.

അതെല്ലാം മറന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവന നല്‍കുകയും അത് മാധ്യമങ്ങളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് കസ്റ്റംസ് സ്വീകരിച്ചത്. ഇത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കി കൊടുക്കാനുള്ള വിടുവേലയാണ്.

2020 നവംബറില്‍തന്നെ ഈ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും, അതേറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണ് ഇപ്പോള്‍.

കസ്റ്റംസിന്റെ രീതികള്‍ തുടക്കംമുതല്‍ കണ്ടതാണ്. കോണ്‍ഗ്രസ്-ബിജെപി കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിച്ചപ്പോള്‍ ആദ്യം വന്നത് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ്. ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്നാണ് ആരോപണമുന്നയിച്ചിരുന്നത്. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമീഷണറോട് മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ നല്‍കിയ ഉത്തരം ഓര്‍മയില്ലേ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥനെ നാഗ്പ്പൂരിലേക്ക് നാടുകടത്തി. കേസ് മുന്നോട്ടുപോകുമ്പോള്‍ അന്വേഷണസംഘത്തിലുണ്ടായിരുന്ന 10 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു ? ഒരു അസിസ്റ്റന്റ് കമീഷണറെ പൊടുന്നനെ സ്ഥലംമാറ്റിയത് എന്തിനായിരുന്നു? -മുഖ്യമന്ത്രി ചോദിച്ചു.

ഇതില്‍ കൃത്യമായ ചിലകളികള്‍ നടക്കുന്നുണ്ട്. കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസിലാകില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ സഹമമന്ത്രി വി മുരളീധരന്‍ മന്ത്രിയായിനുശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയേറ്റ വന്നശേഷമാണ് നയതന്ത്രബാഗേജിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്.

കടത്തിയത് നയതന്ത്രബാഗേജിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നയതന്ത്രബാഗേജിലാണ് കടത്ത് നടന്നത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് മുരളീധരന്‍ ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യവകുപ്പിനോട് ചോദിക്കണമെന്നായിരുന്നു മുരളീധരന്റെ മറുപടി. അതേ മുരളീധരനമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്.

ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇകഴ്ത്താന്‍ ഇതൊന്നും സഹായകരമാകില്ല. സര്‍ക്കാരിന്റെ യശസ്സിനെ കരിവാരിത്തേക്കുക എന്ന ലക്ഷ്യം കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിനുണ്ട്. എന്നാല്‍ എല്‍ഡിഎഫ് ജനങ്ങളോടൊപ്പമാണ് ഉള്ളത്. ഇത്തരത്തിലുള്ള വിരട്ടല്‍ കാര്യങ്ങള്‍ കൊണ്ട് എല്‍ഡിഎഫിനെയാകെ വിറങ്ങലിപ്പിച്ച കളയാം എന്ന് വ്യാമോഹമുണ്ടെങ്കില്‍ അതൊക്കെ മനസില്‍വെച്ചാല്‍ മതി- മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News