കലാഭവനും മണിയും ആബേലച്ഛനും

മലായാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മണ്ണിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍ കൊണ്ടും സാധാരണക്കാരനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് തിരശീലയ്ക്ക് മുന്നിലും പച്ച മനുഷ്യനായി ജീവിച്ച മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. വളര്‍ച്ചയുടെ എല്ലാ പടവുകളിലും തന്റെ നാടിനെയും നാട്ടുകാരെയും ചേര്‍ത്തുപിടിച്ച നാട്ടിന്‍പുറത്തുകാരനാണ് കലാഭവന്‍ മണി.തന്റെ കലാജീവിതത്തില്‍ വഴിത്തിരിവായ കലാട്രൂപ്പിനെ,കലാഭവനെ സ്വന്തം പേരിനൊപ്പം ചേര്‍ത്തെഴുതിയ പ്രിയപ്പെട്ട കലാകാരന്‍. ചാലക്കുടിക്കാരന്‍ മണിയെ മലയാളിയുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയാക്കുന്നതില്‍ കലാഭവന്റെ പങ്ക് ഓരോ അവസരിത്തിലും മണി ഓര്‍ത്തെടുക്കാറുണ്ട്.

അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും എപ്പോഴും വാതോരാതെ സംസാരിക്കുന്ന കലാഭവൻ മണിയെ നമുക്കറിയാം. പക്ഷേ ആബേലച്ചൻ എന്ന കലാഭവനിലെ അച്ഛനെപ്പറ്റി മണി ഒരിക്കൽ കൈരളിടിവിയുടെ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

കലാഭവൻ എന്ന് പറയുന്ന പ്രസ്ഥാനത്തിൽ നിന്ന് വളർന്നു, ഇപ്പോഴും കലാഭവൻ മണി എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്നു .ഏറ്റവും കൂടുതൽ കടപ്പാട് എന്നത് കലാഭവൻ തന്നെയാണ്…  പറയാൻ ഒരുപാടുണ്ട്. കലാഭവനിലെ അച്ഛനോട് ഒരു പ്രത്യേക സ്നേഹം എനിക്ക് ഉണ്ട്. അതിങ്ങോട്ടും ഉണ്ട്. എനിക്ക് അത് തുറന്നു പറയുന്നതിൽ പ്രശ്നമൊന്നുമില്ല.

കലാഭവനിൽ ജോലിചെയ്യുന്ന സമയത്തതാണ് എൻറെ പെങ്ങളുടെ കല്യാണം. പൈസ ഇല്ലാതിരുന്ന സമയമായിരുന്നു.കല്യാണം വിളി ഒക്കെ കഴിഞ്ഞ്, സദ്യക്ക് പൈസ ഇല്ലാതായി.അങ്ങനെ ഞാൻ അച്ഛനെ കണ്ടു. ബുദ്ധിമുട്ടിലാണ് എന്നറിയിച്ചപ്പോ നല്ല ശമ്പളം ഒക്കെ കിട്ടുന്നുണ്ടല്ലോ ഈ പൈസയൊക്കെ എന്തു ചെയ്യുന്നു എന്നായി അച്ഛൻ. കുറച്ചു കാര്യങ്ങൾ ഒക്കെ അച്ഛനോട്‌ പറഞ്ഞു. കുറച്ചു സ്വർണം എടുക്കണം.സദ്യ നടത്താനുള്ള പൈസ ഇല്ല…എത്ര വേണം എത്ര പൈസ വേണം എന്ന് ചോദിച്ച അപ്പൊ തന്നെ അവിടെ ഇരിക്കുന്ന മാനേജരോട് പൈസ കൊടുക്കാൻ പറഞ്ഞു.

പൈസ തരുന്നതിനു ഒരാഴ്ചമുമ്പ് അച്ഛൻ,ഞാൻ പ്രോഗ്രാമിൽ പോയ സമയം നോക്കി എൻറെ വീട്ടിൽ പോയി. സത്യമാണോ,കല്യാണം ഉണ്ടോ വിവാഹ സദ്യ ഉണ്ടോ എന്നൊക്കെ എന്നറിയാൻ വേണ്ടി അച്ഛൻ വീട്ടിൽ വന്നു തിരക്കി. കൃത്യമാണെന്ന് അറിഞ്ഞതിനുശേഷം ഞാൻ പ്രോഗ്രാം കഴിഞ്ഞു വന്നപ്പോൾ എനിക്ക് പൈസ കയ്യിൽ തന്നു.തന്നിട്ട്  എന്നോട് പറഞ്ഞു കുറച്ചു പൈസ വെച്ച് ശമ്പളത്തിൽ നിന്നും പിടിക്കുമെന്ന്.ഞാൻ ശരി എന്നും പറഞ്ഞു. കല്യാണം കഴിഞ്ഞപ്പോൾ എന്നെ സൈഡ്ലേക്ക് വിളിച്ചിട്ട് പറഞ്ഞു.കുഞ്ഞ് ആ കാശ് വെച്ചോളൂ.തിരിച്ചുവേണ്ടാന്ന്. അത്രയും നല്ല ഒരു മനുഷ്യനായിരുന്നു ആബേലച്ചൻ ആബേലച്ചൻ നാട്ടിൽ തന്നെ ഉണ്ട് എന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News